group-attack

വള്ളികുന്നം: വള്ളികുന്നത്ത് ആർ.എസ് എസ് പ്രർത്തകരുമായുണ്ടായ സംഘർഷത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. രണ്ട് ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകൾ തകർത്തു. എസ്എഫ് ഐ ചാരുംമൂട് ഏരിയാ കമ്മിറ്റിയംഗം വള്ളികുന്നം കടുവിനാൽ രാഹുൽ നിവാസിൽ രാകേഷ് കൃഷ്ണൻ (22), ഇലിപ്പക്കുളം കണ്ടളശേരിൽ ബൈജു (23), കടുവിനാൽ കളത്തിൽവീട്ടിൽ വിഷ്ണു (23), എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി വെട്ടേറ്റ രാകേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും, ബൈജുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതേത്തുടർന്ന് ആർ.എസ്.എസ് പ്രവർത്തകൻ വള്ളികുന്നം ആകാശ് ഭവനത്തിൽ ആകാശ് (സുമിത്ത് ), ഹിന്ദു ഐക്യവേദി പ്രവർത്തകൻ വള്ളികുന്നം എംആർ മുക്ക് കുഴിവേലിൽ പറമ്പിൽ ഷാജി എന്നിവരുടെ വീടിനു നേരെ ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി വള്ളികുന്നം പള്ളിവിള ജംഗ്ഷനു സമീപം ഉണ്ടായ സംഘർഷത്തിലാണ് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവർത്തകർക്കു പരിക്കേറ്റത്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു വീട് ആക്രമണം. സുമിത്തിന്റെ വീട്ടിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല. മുഴുവൻ വീട്ടുപകരണങ്ങളും ജനാലകളും തകർത്തു. ഷാജിയുടെ വീടിന്റെ ജനലുകളും തകർത്തു. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരെ വെട്ടിയ സംഭവത്തിൽ സുമിത്ത് ഉൾപ്പെടെ 4 പേർക്കെതിരെയും വീട് ആക്രമണത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെയും പൊലീസ് കേസെടുത്തു.