കൊടുങ്ങല്ലൂർ: എസ്.എൻ പുരം മുള്ളൻബസാറിൽ യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളൻബസാർ സ്വദേശികളായ ചുള്ളിപറമ്പിൽ അജിത്ത് (29), തട്ടാരുപറമ്പിൽ ഷിബു (36) എന്നിവരെയാണ് മതിലകം സി.ഐ സി. പ്രേമാനന്ദ കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് അറക്കപ്പടി പാലത്തിനടുത്ത് വെച്ച് മുള്ളൻബസാർ സ്വദേശി കോനേക്കാട്ട് പറമ്പിൽ അബ്ദുൾ ഗഫൂറിന് മർദ്ദനമേറ്റത്. കല്ല് കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റ അബ്ദുൾ ഗഫൂർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കളായ വാദിയും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ച് വാക്കുതർക്കമുണ്ടാവുകയും തുടർന്ന് പ്രതികൾ ചേർന്ന് അബ്ദുൾ ഗഫൂറിനെ മർദ്ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഈ കേസിലെ ഒന്നാം പ്രതി അജിൽ ഒളിവിൽപ്പോയി. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ കെ.എസ് സൂരജ്, ഉണ്ണിക്കൃഷ്ണൻ, തോമസ്, പൊലീസുകാരായ സുൽഫിക്കർ, മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.