theft

ചാലക്കുടി: ധനലക്ഷ്മി ബാങ്കിന്റെ മുരിങ്ങൂർ ശാഖയിൽ കവർച്ചാ ശ്രമം. ഷട്ടറിന്റെ താഴുകൾ മുറിച്ചു മാറ്റിയെങ്കിലും മോഷ്ടാവിന്റെ തുടർ ശ്രമം വിജയിച്ചില്ല. മുൻ ഭാഗത്തെ ഷട്ടറുകളുടെ പൂട്ടുകളാണ് ഹാക്‌സോ ബ്ലേഡിനാൽ അറുത്തിട്ടത്. ഷട്ടറിന് പിന്നിലെ ഗ്രില്ലിന്റെ താഴ് അറുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും സാദ്ധ്യമായില്ല.

ഹാക്‌സോ ബ്ലേഡും മറ്റു ഇരുമ്പ് ഉപകരണങ്ങളും പരിസരത്ത് കടലാസിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇയാൾ തൊട്ടടുത്ത് കെട്ടിടത്തിലെ ഷോപ്പുകളുടെ വരാന്തയിൽ കിടന്നുറങ്ങിയിരുന്നുവെന്നും സംശയിക്കുന്നു.

ഇതിന് ഉപയോഗിച്ച പഴയ ഫ്‌ളക്‌സും കണ്ടെടുത്തു. കൊരട്ടി സി.ഐ ബി.കെ അരുണിന്റെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പൊലീസ് നായയും പരിശോധന നടത്തി. ഡിവൈൻ ധ്യാനകേന്ദ്രത്തിന് സമീപം പഴയ കെട്ടിടത്തിലാണ് ധനലക്ഷ്മി ബാങ്കിന്റെ ശാഖ പ്രവർത്തിക്കുന്നത്. രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ ശ്രമം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ബാങ്കിന്റെ മുൻഭാഗത്ത് നിരീക്ഷണ കാമറയില്ലായിരുന്നു. തൊട്ടടുത്ത സ്ഥാപനങ്ങളിലെ കാമറകൾ കേന്ദ്രീകരിച്ചും പരിശോധന ആരംഭിച്ചിട്ടുണ്ട്..