പാലോട്: കൊവിഡ് കാരണം ഉത്സവങ്ങളും വിഷുവുമെല്ലാം ലോക്ക് ഡൗണിൽ പെട്ടതോടെ ദുരിതത്തിലായ ഒരു വിഭാഗമാണ് നന്ദിയോടുള്ള പടക്കനിർമ്മാണ തൊഴിലാളികൾ. ജില്ലയിലെ പടക്കനിർമ്മാണ കേന്ദ്രമെന്ന പേരുകൂടിയുള്ള ഇവിടത്തെ പടക്കനിർമ്മാണ തൊഴിലാളി കുടുംബങ്ങൾ മിക്കതും ഇപ്പോൾ പട്ടിണിയുടെ വക്കിലേക്ക് കൂപ്പുകുത്തുകയാണ്. ഓരോ വർഷവും ലഭിക്കുന്ന ഉത്സവങ്ങളും വിഷുവുമൊക്കെയാണ് ഒരുവർഷത്തെ ഇവരുടെ ജീവിത വരുമാനം. എന്നാൽ ഈ വർഷം നിർമ്മാണം നടക്കാതെ വന്നതോടെ അത് നിലച്ചു. ഇനി ഒരുവർഷം കാത്തിരിക്കണം ഇവരുടെ ജീവിതം പഴയപടിയാകാൻ.
ഇവിടത്തെ മൊത്തം ലൈസൻസികളിൽ ഓരോരുത്തർക്കും സ്ഥിരം തൊഴിലാളികളാണ് ഉള്ളത്. ഇവർക്കുള്ള വേതനം നൽകുന്നതാകട്ടെ ദീപാവലിയും ഉത്സവങ്ങളിലും ആഘോഷങ്ങളിലും നിന്നുമെല്ലാം കിട്ടുന്ന വരുമാനംകൊണ്ടും. ഇങ്ങനെ കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ഓരോ തൊഴിലാളികളും തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീടുപണി എന്നിങ്ങനെ തങ്ങളുടെതായ സ്വപ്നങ്ങളെല്ലാം പടുത്തുയർത്തുന്നത്. ആഘോഷങ്ങൾ നിലച്ചതോടെ ഇതെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് തൊഴിലാളികൾ. കുടിൽ വ്യവസായമായി വർഷങ്ങളോളം ഈ തൊഴിൽ മാത്രം ചെയ്യുന്നതിനാൽ മറ്റ് ജോലികൾ ചെയ്യാൻ പലർക്കും കഴിയാത്ത അവസ്ഥയിലാണ്.
തൊഴിലാളികൾക്കോ ലൈസൻസികൾക്കോ നിലവിൽ ക്ഷേമനിധിയോ, ഇൻഷ്വറൻസ് പരിരക്ഷയോ ഇല്ല. ഓരോ സർക്കാരുകൾക്കും നിവേദനങ്ങൾ നൽകിയിട്ടും നിലവിൽ യാതൊരു നടപടികളും ഉണ്ടാകാത്തതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. പടക്കനിർമ്മാണമേഖലയെ സംരക്ഷിക്കുന്ന നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന അഭ്യർത്ഥനയാണ് ഓരോ തൊഴിലാളി കുടുംബത്തിനും ഉള്ളത്.
നന്ദിയോട്ട് 25 പടക്കനിർമ്മാണ ലൈസൻസികളാണ് ഉള്ളത്. ഓരോ ലൈസൻസികളുടെ കീഴിലും 3 മുതൽ 5 വരെ പടക്കനിർമ്മാണം കേന്ദ്രങ്ങളും ഉണ്ട്. ഇത്തരത്തിൽ 160 കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. മൊത്തം കേന്ദ്രങ്ങളിലുമായി 1800ഓളം ജീവനക്കാരും ഉണ്ട്. കൊവിഡ് വ്യാപനം ഇവരുടെയെല്ലാം ജീവിതം ദുരിതപൂർണമാക്കിയിരിക്കുകയാണ്.
പടക്കനിർമ്മാണത്തിനാവശ്യമായ പനയോല എത്തുന്നത് ശിവകാശിയിൽ നിന്നാണ്. ഒരുലോട് പനയോല ഇവിടെ എത്തുമ്പോൾ ഏകദേശം 65,000 രൂപ ചെലവാകും.
നിർമ്മാണത്തിനുള്ള വെടിമരുന്നും തിരിയും എത്തുന്നത് ആലപ്പുഴ, ശിവകാശി എന്നിവിടങ്ങളിൽ നിന്നാണ്. ഒരു കിലോ വെടിമരുന്ന് തയാറാക്കി എതുക്കുന്നതിന് 1000 രൂപ ചെലവ് വരും. സീസൺ മുന്നിൽ കണ്ട് ബാങ്ക്ലോൺ എടുത്തും കടംവാങ്ങിയും ഓരോ ലൈസൻസികളും നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ കർശനമാക്കി ആഘോഷങ്ങൾ നിയന്ത്രിച്ചതോടെ ഒന്നും വില്പന നടത്താൻ പറ്റാതായി. ഇതോടെ ഉത്പന്നങ്ങൾ മുന്നിൽ വച്ച് കുടുംബം പട്ടിണിയിൽ കഴിയേണ്ട അവസ്ഥയിലാണ്. തൊഴിലാളികൾക്ക് തങ്ങളാൽ കഴിയുന്ന സഹായം ലൈസൻസികൾ നൽകാറുണ്ടെങ്കിലും അവരുടെയും അവസ്ഥ പരിതാപകരമായി തുടരുകയാണ്.