vra-

- പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട് എന്നതാണ് നടപ്പുശീലം. ബെവ് ക്യൂ ആപ്പിന് പിറകേ നടക്കേണ്ടി വരുന്ന മനുഷ്യപുത്രന്റെ കാര്യം അഹോ കഷ്ടം എന്നല്ലാതെ എന്ത് പറയാനാണ്.

ആപ്പ് ഇതാ, ഇന്ന് വരും, നാളെ വരും എന്നെല്ലാം പറഞ്ഞ് കാത്ത് കാത്ത് കണ്ണ് മഞ്ഞളിച്ച് പോയതായിരുന്നു. ആ കാത്തിരിപ്പിനൊരു അന്ത്യം കുറിച്ചുകൊണ്ട് ആപ്പ് രണ്ട് ദിവസം മുമ്പ് കടന്നുവരികയുണ്ടായി. നിനച്ചിരിക്കാതെ കിട്ടിയ സൗഭാഗ്യം പോലെയൊക്കെ കരുതിയത് കൊണ്ടാവണം, ആപ്പിനെ കണ്ട മാത്രയിൽ മനുഷ്യപുത്രരിൽ ചിലരിൽ നിന്ന് കണ്ണുനീർ കുടുകുടെ പുറത്ത് ചാടുകയുണ്ടായി. അത് ആനന്ദക്കണ്ണീരായിരുന്നുവെന്ന് തന്നെയാണ് സാക്ഷികളെല്ലാം വിശ്വസിച്ചത്. പക്ഷേ യഥാർത്ഥത്തിൽ ആപ്പിന്റെ അവസ്ഥ തിരിച്ചറിഞ്ഞ മനുഷ്യപുത്രന്റെ സങ്കടക്കടൽ ആയിരുന്നു ആ കണ്ണീരെന്ന് ഇപ്പോൾ ലോകം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു.

സത്യം പറഞ്ഞാൽ ആപ്പ് വന്നതും വരാതിരുന്നതും ഒരുപോലെ എന്നതാണ് അവസ്ഥ. ഈ ആപ്പ് നമ്മൾക്കിട്ടുള്ള ആപ്പ് വയ്ക്കലാണോ എന്ന് മനുഷ്യപുത്രർ ചോദിച്ചുതുടങ്ങിയിട്ടുണ്ട്. ഓൾഡ് മോങ്ക് കിട്ടണമെങ്കിൽ ഒരു ഒ.ടി.പി ആദ്യം കിട്ടണം. പക്ഷേ ഈ ഒ.ടി.പി ആര് തരും എന്ന കാര്യത്തിലാണ് വ്യക്തതയില്ലാത്തത്. കെ.പി.സി.സി മുൻകൈയെടുത്ത് ബംഗലുരുവിൽ നിന്ന് സൗജന്യമായി ബസ്സേർപ്പാടാക്കി ആളുകളെ നാട്ടിലെത്തിച്ചത് പോലെ, കുറച്ച് ഓ.ടി.പി സൗജന്യമായി നാട്ടിലെത്തിക്കാനുള്ള ഏർപ്പാടാക്കാമോ എന്ന് ചോദിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി ഗാന്ധിക്കും പ്രതിപക്ഷനേതാവ് ചെന്നിത്തല ഗാന്ധിക്കും ഭീമഹർജി നൽകാൻ ചില മനുഷ്യപുത്രർ ആലോചിക്കുന്നുണ്ട്. ഭീമഹർജി നൽകാനും മുൻകൈയെടുക്കേണ്ടത് അവർ തന്നെയാണ്, അവർ മാത്രമാണ്. ഈ മനുഷ്യപുത്രരുടെ കാര്യത്തിൽ വേറെയാർക്കാണ് വേവലാതി! ആർക്കുമില്ല.

ലോക്ക് ഡൗൺ ആയതോടെ അമ്പലപ്പറമ്പിൽ നിന്ന് ഭക്ഷണം കിട്ടാതെ വിശക്കുന്ന കുരങ്ങന്മാർക്ക് ഭക്ഷണവിതരണത്തിനുള്ള സംവിധാനമുണ്ടാക്കിക്കൊടുക്കാൻ പിണറായി സഖാവ് ഒരു വൈകുന്നേരത്തിൽ കല്പിക്കുകയുണ്ടായി. ആ ഒരു കരുതൽ ഈ ആപ്പിന് വേണ്ടി കേഴുന്നവരുടെ കാര്യത്തിൽ ഉണ്ടാകാത്തത് മഹാ കഷ്ടമാണ്. കുരങ്ങന് ഭക്ഷണവും പാവങ്ങൾക്ക് ഓ.ടി.പിയും എന്ന ഏർപ്പാട് അംഗീകരിക്കാനാവില്ല. അങ്ങനെയെങ്കിൽ ഈ വൈകുന്നേരങ്ങളിലെ പരിപാടി തന്നെ എന്തിനാണെന്ന് ചിന്തിക്കുന്നവരുടെ എണ്ണവും ലോകത്ത് കൂടി വരികയാണ് സഖാവേ, മറക്കരുത്.

ആപ്പ് കാരണം രാമകൃഷ്ണൻമന്ത്രിയും ആപ്പിലായെന്നാണ് മനസ്സിലാക്കാനാകുന്നത്. സ്റ്റാർട്ടപ്പിന്റെ കാലമായത് കാരണം ഐ.ടി സെക്രട്ടറി ശിവശങ്കരൻ നോക്കുന്നിടത്തെല്ലാം കാണുന്നത് സ്റ്റാർട്ടപ്പുകളെ മാത്രമാണ്. സ്റ്റാർട്ടപ്പുകൾ ചുറ്റിലും കൂടി നിൽക്കുമ്പോൾ ഏത് ശിവശങ്കരനും ഏതെങ്കിലുമൊരു സ്റ്റാർട്ടപ്പിനെ പിടിച്ച് പോവുന്നത് സ്വാഭാവികം. ഫെയർകോഡ് സ്റ്റാർട്ടപ്പിനെ പിടിച്ചും പോയി,​ പിടി വിടീക്കാനും പറ്റുന്നില്ല എന്ന നിസ്സഹായാവസ്ഥയിൽ പെട്ട് പോയാലെന്ത് ചെയ്യാനാണ്.

കൊണ്ട് നടന്നതും നീയേ ആപ്പേ,​ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ആപ്പേ എന്ന വിലാപം മുഴങ്ങുന്നതിന് ഇട വരുത്താതെ എങ്ങനെയെങ്കിലും മനുഷ്യപുത്രരുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ഇതിനാൽ അപേക്ഷിച്ചുകൊള്ളുന്നു. പ്രത്യേകിച്ച് ചെന്നിത്തലഗാന്ധിയൊക്കെ തക്കം പാർത്തിരിക്കുകയുമാണ്.

........................

- കൊറോണ വൈറസിനെ ഉണ്ടാക്കിയ ദൈവം ചില്ലറക്കാരനല്ല. ആ ദൈവത്തെ പറ്റിക്കാനൊന്നും ഏത് പിണറായി സഖാവ് വിചാരിച്ചാലും സാധിക്കില്ല. കൊറോണ വൈറസിനെപ്പറ്റിയും അതിനെ ഉണ്ടാക്കിയ ദൈവത്തെപ്പറ്റിയും ബോധമുള്ള തിരുമേനിമാരുടെയടുത്ത് വന്ന് അതിനെപ്പറ്റി ഒരു ബോധവും പൊക്കണവുമില്ലാത്ത കറുത്തവൻ നിന്നാൽ,​ വൈറസും ദൈവവും ഒരുപോലെ കോപിച്ചെന്നിരിക്കും. അതുകൊണ്ട് ആദ്യം ഇതുപോലുള്ളവന്മാരെ വൈറസെന്താണെന്ന് പഠിപ്പിച്ചിട്ട് വേണം നവോത്ഥാനം തുടങ്ങാൻ. അല്ലാതെ നവോത്ഥാനമൂല്യ സമിതി എന്നൊക്കെ പറഞ്ഞ് നടന്നിട്ട് പ്രയോജനമില്ല. നവോത്ഥാനമൂല്യസമിതി കെട്ടിപ്പൊക്കും മുമ്പായി പിണറായി സഖാവ് തൃശൂർ പു.ക.സക്കാരെ കൺസൾട്ട് ചെയ്യാതിരുന്നത് അതുകൊണ്ട് തീർത്തും മോശമായിപ്പോയിയെന്ന് പറയാതെ വയ്യ. കുറഞ്ഞപക്ഷം രാവുണ്ണിക്കവിയെയെങ്കിലും കാണണമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാലും വരില്ലാത്തത് കൊണ്ട് പോട്ടെ,​ സാരമില്ല.

ഇ-മെയിൽ: dronar.keralakaumudi@gmail.com