ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ദേശീയ സമ്പാദ്യ പദ്ധതിയുമൊക്കെ മത്സരിച്ച് നിക്ഷേപ പലിശ കുറച്ചുകൊണ്ടിരിക്കെ സംസ്ഥാന സർക്കാരിന്റെ അഭിമാന സ്ഥാപനമായ കെ.എസ്.എഫ്.ഇ കൂടുതൽ നിക്ഷേപ സൗഹൃദ നടപടിയുമായി മുന്നോട്ടു വരുന്നത് സന്തോഷകരമാണ്. എല്ലാ ഇനം നിക്ഷേപ പദ്ധതികളിലും കെ.എസ്.എഫ്.ഇ വർദ്ധന പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ധനകാര്യ സ്ഥാപനങ്ങൾ കഴിഞ്ഞ രണ്ടുവർഷത്തിനിടെ പലിശ നിരക്ക് ഗണ്യമായി കുറച്ചുകൊണ്ടുവന്നത് സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം കൊണ്ട് നിത്യജീവിതം നടത്തിക്കൊണ്ടുപോകുന്നവർക്ക് കനത്ത തിരിച്ചടിയായിരുന്നു. മുതിർന്ന പൗരന്മാരാണ് ഇതുവഴി ഏറെ നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്നത്. സുരക്ഷിതമെന്ന നിലയ്ക്ക് ബാങ്കുകളിലും അതുപോലുള്ള സ്ഥാപനങ്ങളിലും പെൻഷൻ സമ്പാദ്യവും മറ്റും നിക്ഷേപിച്ചിട്ടുള്ളവർ തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്ന പലിശ നിരക്കിൽ നിരാശപ്പെട്ടു കഴിയുന്നതിനിടയിൽ കെ.എസ്.എഫ്.ഇയുടെ തീരുമാനം വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോന്നതാണ്. ഇതുവഴി എത്താനിടയുള്ള വർദ്ധിച്ച നിക്ഷേപം സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കും ഉപകാരപ്പെടുത്താനാകും. വായ്പ ആവശ്യമുള്ള പ്രവാസികൾക്കും സംസ്ഥാനത്തെ വ്യാപാരികളുൾപ്പെടെയുള്ളവർക്കും ഉയർന്ന തോതിൽ വായ്പ നൽകാൻ കെ.എസ്.എഫ്.ഇയെ ഇതു പ്രാപ്തമാക്കുകയും ചെയ്യും.
കെ.എസ്.എഫ്.ഇ സംസ്ഥാനത്ത് കുടുംബ നാമമായി മാറിയതിനു പിന്നിൽ അരനൂറ്റാണ്ടുകാലത്തെ വിശ്വാസയോഗ്യമായ സേവനം തന്നെയാണ് മുഖ്യ ഹേതു. ഇനിയും ഏറെ വളരാനും ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നേരിടാനും അതിനു സാധിക്കും. വൈവിദ്ധ്യമാർന്ന പുത്തൻ ആശയങ്ങളുമായി വരണമെന്നു മാത്രം. സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും ആശ്വാസം പകരുന്ന വിധം നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചത് ഇതിന്റെ ഭാഗമാണ്. മൂന്നു വർഷം വരെയുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് എട്ടു ശതമാനമാണ് പുതുക്കിയ പലിശ നിരക്ക്. നിലവിൽ ഒരു സ്ഥാപനവും നൽകാത്ത നിരക്കാണിത്. അതുപോലെ സാധാരണക്കാരുടെ പൊതുനിക്ഷേപത്തിനുള്ള നിരക്കുകളിലും വർദ്ധന വരുത്തിയിട്ടുണ്ട്. നിക്ഷേപ പലിശ ഉയർത്തിയതിനൊപ്പം ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ ചില വായ്പാ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ജനമിത്രം സ്വർണ വായ്പ അതിലൊന്നാണ്. 5.7 ശതമാനം പലിശയ്ക്ക് പത്തുലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കുക. ഒരു വർഷം കൊണ്ട് 12 തുല്യ ഗഡുക്കളായി തിരിച്ചടവ് പൂർത്തിയാക്കണമെന്ന് മാത്രം. സർക്കാർ നേരത്തെ പ്രഖ്യാപിച്ച പ്രവാസി സൗഹൃദം, പ്രവാസി മിത്രം, നിവാസി സൗഹൃദ സ്വർണപ്പണയ പദ്ധതികളും നടപ്പാക്കാനൊരുങ്ങുകയാണ്. കെ.എസ്.എഫ്.ഇ നിക്ഷേപ സമാഹരണം നടത്തി ശേഖരിക്കുന്ന പണം വായ്പയായും പലിശയായും നാട്ടുകാരിൽത്തന്നെയാണ് തിരിച്ചെത്തുന്നത്. കേവലം ചിട്ടി നടത്തിപ്പിൽ ഒതുങ്ങി നിന്ന സ്ഥാപനം ഇപ്പോഴത്തെ രീതിയിൽ വൈവിദ്ധ്യമാർന്ന വളർച്ച പ്രാപിച്ചതിനു പിന്നിൽ ഓരോ കാലത്തും അതിനെ നയിച്ച പ്രഗ്ഭമതികൾക്കും ധനമന്ത്രിമാർക്കും വലിയ പങ്കാണുള്ളത്.
സാധാരണ കുടുംബങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്ന ചിട്ടിക്കു തന്നെ വിസ്മയകരമായ രൂപമാറ്റങ്ങൾ കൊണ്ടുവന്നത് കെ.എസ്.എഫ്.ഇ ആണെന്നു പറയാം. കുടുംബ ബഡ്ജറ്റിനും ആവശ്യത്തിനും അനുയോജ്യമായ എത്രയോ ഇനം ചിട്ടികൾ ഇന്നുണ്ട്. ഓരോ വർഷവും കൂടുതൽ ആകർഷകമായവ കൂട്ടിച്ചേർക്കുന്നുമുണ്ട്. രണ്ടുവർഷം കാലാവധിയുള്ള ഫിക്സഡ് ഡിവിഡന്റ് ചിട്ടിയാണ് പുതുതായി വരാൻ പോകുന്നത്. നാലു മാസത്തെ അടവു കഴിയുമ്പോൾ ആവശ്യക്കാർക്കെല്ലാം ചിട്ടിത്തുക മുൻകൂറായി നൽകുമെന്നതാണ് ഇതിന്റെ പ്രത്യേകത. വൈകി മാത്രം പണം പറ്റുന്നവർക്ക് കൂടുതൽ തുകയും ലഭിക്കും. ഈ വർഷം ഇത്തരത്തിലുള്ള ആയിരം ചിട്ടികൾ തുടങ്ങുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ചിട്ടിപ്പണം അടയ്ക്കാൻ വിവിധ ഡിജിറ്റൽ മാർഗങ്ങൾ അവലംബിക്കാവുന്നതാണ്. കെ.എസ്.എഫ്.ഇയിൽ കുടിശിക വരുത്തിയിട്ടുള്ളവരുടെ പലിശയിലും പിഴപ്പലിശയിലും ഇളവു വരുത്താനുള്ള തീരുമാനവും ധനമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇതിനായി അദാലത്തുകൾ സംഘടിപ്പിക്കും. അഞ്ചുവർഷത്തിനു മുകളിലുള്ള കുടിശികകളിൽ പലിശയും പിഴപ്പലിശയും ഒഴിവാക്കും. ഏറെ അർഹതയുള്ള കേസുകളിൽ മുതൽ അടവിലും ഇളവുകൾ നൽകും. പല കാരണങ്ങളാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതാവുന്നവർക്ക് വലിയ അനുഗ്രഹമാകും ഈ സൗമനസ്യം.
സ്വകാര്യ ചിട്ടി നടത്തിപ്പുകാർ ജനങ്ങളെ കബളിപ്പിച്ചു മുങ്ങുന്നത് പതിവായതോടെയാണ് അതിനു പരിഹാരമായി അൻപതു വർഷം മുൻപ് കെ.എസ്.എഫ്.ഇ സ്ഥാപിതമായത്. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽത്തന്നെ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടാൻ അതിനായി. പൂർണമായും സർക്കാർ ഉടമയിലായതിന്റെ ആനുകൂല്യവും നേട്ടങ്ങളും അതിനു ലഭിക്കുകയും ചെയ്തു. തുടർച്ചയായി ലാഭം നിലനിറുത്താനും ഉയർന്ന തോതിൽ സർക്കാരിനു ലാഭവീതം നൽകാനും കമ്പനിക്കു കഴിയുന്നുണ്ട്.
കൊവിഡ് പിടിമുറുക്കിയ ഇക്കാലത്തും ജനങ്ങളുടെ വായ്പാ ആവശ്യങ്ങൾ നിറവേറ്റാൻ കമ്പനി മുന്നോട്ടു വരുന്നുണ്ട്. വരുമാനം മുടങ്ങിപ്പോയ അപ്രൈസർമാർക്കും സ്വന്തം ഏജന്റുമാർക്കും 15000 രൂപയുടെ പലിശ രഹിത വായ്പ കമ്പനി നൽകിയിരുന്നു. പത്തുമാസം കൊണ്ട് തിരിച്ചടച്ചാൽ മതി.
സംസ്ഥാനത്ത് മിച്ച സമ്പാദ്യമുള്ളവർ ധാരാളമുണ്ട്. അവരുടെ കൈവശമുള്ള ഈ പണത്തിന്റെ ഒരു ഭാഗമെങ്കിലും സമാഹരിക്കാൻ കെ.എസ്.എഫ്.ഇയ്ക്കു കഴിയണം. മറ്റു ധനകാര്യ സ്ഥാപനങ്ങളെല്ലാം ഓരോ മൂന്നു മാസം കൂടുമ്പോഴും പലിശ ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. സാധാരണക്കാർക്ക് ഏറെ ആശ്രയമായിരുന്ന ലഘു സമ്പാദ്യ പദ്ധതികൾ പോലും ഇന്ന് അനാകർഷകമായിത്തീർന്നത് പലിശയിടിവിന്റെ പേരിലാണ്. ഇവിടെയാണ് കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങൾക്കു നേട്ടം കൊയ്യാനാവുന്നത്. മുൻകാലങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ നിക്ഷേപം വൻതോതിൽ സമാഹരിച്ചിരുന്നത് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ്. ലക്ഷ്യമിടുന്നതിലും എത്രയോ അധികം തുകയാണ് ഒരുമാസം കൊണ്ട് നിക്ഷേപമായി കുന്നുകൂടിയിരുന്നത്. കെ.എസ്.എഫ്.ഇ നിക്ഷേപ പലിശ ഉയർത്തിയതിന്റെ നേട്ടം നിക്ഷേപകർക്കു മാത്രമല്ല നാടിനും ഉതകുമെന്നതിൽ സംശയമില്ല.
...............................................................................................................................................................................
കേവലം ചിട്ടി നടത്തിപ്പിൽ ഒതുങ്ങി നിന്ന കെ.എസ്.എഫ്.ഇ ഇപ്പോഴത്തെ രീതിയിൽ വൈവിദ്ധ്യമാർന്ന വളർച്ച പ്രാപിച്ചതിനു പിന്നിൽ ഓരോ കാലത്തും അതിനെ നയിച്ച പ്രഗ്ഭമതികൾക്കും ധനമന്ത്രിമാർക്കും വലിയ പങ്കാണുള്ളത്.