വെഞ്ഞാറമൂട്: റിമാൻഡ് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് മേഖലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ. നെല്ലനാടിന് പുറമെ പുല്ലമ്പാറ, പുളിമാത്ത്, വാമനപുരം, മാണിക്കൽ, മുദാക്കൽ പഞ്ചായത്തുകളെയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെ എണ്ണം കൂടുതലായ സാഹചര്യത്തിലാണിത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തി. ഡി.കെ. മുരളി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, വാമനപുരം, മാണിക്കൽ, പുളിമാത്ത്, പുല്ലമ്പാറ, മുദാക്കൽ, നെല്ലനാട് എന്നീ പഞ്ചായത്ത് പ്രസിഡന്റുമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗോകുലം മെഡിക്കൽ കോളേജിൽ കൊവിഡ് ടെസ്റ്റുകൾ നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
നിരീക്ഷണം ശക്തമാക്കി
-------------------------------------
കണ്ടെയ്ൻമെന്റ് സോൺ നിലവിൽ വന്നതോടെ ഈ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. പഞ്ചായത്ത് പരിധിയിൽ നിന്നും ആളുകൾ പുറത്ത് പോകുന്നതിനും ഇവിടേക്ക് വരുന്നതിനും കർശന നിയന്ത്രണമുണ്ട്. പഴം, പച്ചക്കറി, പലവ്യഞ്ജനക്കടകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. ആളുകൾ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങുകയോ ചുറ്റിത്തിരിയുകയോ ചെയ്യരുത്. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടിയെടുക്കും. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജംഗ്ഷനുകളിലും ആളുകൾ കൂടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.