വെഞ്ഞാറമൂട്: കുറുന്തോട്ടിക്ക് വാതം വന്ന അവസ്ഥയാണ് വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന്റെയും ഫയർ സ്റ്റേഷന്റെയും അവസ്ഥ.നാടിനെ നിരീക്ഷിക്കേണ്ട പൊലീസുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഇപ്പോൾ നിരീക്ഷണത്തിലാണ്.
അബ്കാരി കേസിൽ പിടിയിലായ റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായത് വെഞ്ഞാറമൂട് സ്റ്റേഷനിലെ 68 ഉദ്യോഗസ്ഥരാണ്. വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ അടക്കം 34 പൊലീസുകാരും 32 പൊലീസ് ട്രെയിനികളും 2 ഹോം ഗാർഡുകളും വീടുകളിൽ നിരീക്ഷണത്തിലാണ്. അബ്കാരി കേസ് പ്രതിയെ പിടിക്കാനുള്ള കാരണം തന്നെ പ്രതി സഞ്ചരിച്ച വാഹനം പൊലീസ് ട്രെയിനിയെ ഇടിച്ചിട്ട് നിറുത്താതെ പോയതിനാലാണ്. വ്യാജ മദ്യവുമായി പിടിച്ച പ്രതിയെ സെല്ലിൽ സൂക്ഷിച്ചിട്ട് അടുത്ത ദിവസമാണ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയത്. അതുകൊണ്ട് രണ്ടു ദിവസവും ഡ്യൂട്ടിക്ക് വന്ന പൊലീസുകാർ നിരീക്ഷണത്തിൽ പോകേണ്ടിവന്നു. ഇതിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസവും നടന്നത്. വ്യത്യസ്ത കേസുകളിലായി പിടിയിലായ രണ്ട് റിമാൻഡ് പ്രതികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പോകേണ്ടിവന്നത് പുതുതായി വന്ന 14 പൊലീസ് ഉദ്യോഗസ്ഥരാണ്.
വീടിന് തീവച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തീ അണയ്ക്കാൻ പോയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണത്തിൽ പോകേണ്ടി വന്നത്. ലോക്ക് ഡൗണിന്റെ തുടക്കം മുതൽ തന്നെ കർശന നിയന്ത്രണങ്ങളും മരുന്നുകളും ഭക്ഷണവും കിട്ടാത്തവർക്ക് എത്തിച്ചുകൊടുത്തും, നിർദേശങ്ങളുമായി ഒട്ടേറെ മാതൃകാപരമായ പ്രവർത്തനങ്ങളായിരുന്നു വെഞ്ഞാറമൂട് പൊലീസ് ചെയ്തു വന്നത്.