യാതൊന്നിനുംവിലക്കുകളുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവനാണ് മനുഷ്യൻ. അതല്ലെങ്കിൽ മറ്റൊരാൾക്ക് എന്തെങ്കിലും വിലക്കുകളുണ്ടാവുന്നുണ്ടെങ്കിൽ അത് യാതൊരു തരത്തിലും തന്നെ ബാധിക്കരുതെന്ന് അവൻ ആഗ്രഹിക്കുന്നു. ഇങ്ങനെ വിലക്കുകളുടെ കയത്തിലകപ്പെടാതെ പോകുവാനുള്ള സകല തന്ത്രങ്ങളും ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടാണ് മനുഷ്യൻ ആധുനികതയുടെ പുതിയ പടവുകൾ താണ്ടിക്കൊണ്ടിരിക്കുന്നത്. പഠിപ്പും വിജ്ഞാനവും ചിന്തയും ബുദ്ധിയും ശ്രദ്ധയുമൊക്കെ പൂർണ്ണമായും അതിനായി വിനിയോഗിക്കുന്നതിനിടയിൽ പക്ഷെ, മനുഷ്യൻ മറക്കരുതാത്ത ചിലതെല്ലാം മറക്കുകയും ചെയ്യരുതാത്ത ചിലതെല്ലാം ചെയ്യുകയും ചെയ്യുന്ന ശീലക്കാരനായി. അത്തരം ശീലങ്ങൾ അങ്ങേയറ്റം ദുഷിപ്പിക്കുമെന്ന് കണ്ടറിഞ്ഞവരാണ് നമ്മുടെ ഗുരുക്കൻമാർ. ഇങ്ങനെ ദൂഷ്യത്തിലും ദൂഷണത്തിലും അകപ്പെട്ടുപോകുന്ന മനുഷ്യനിൽ മൂല്യബോധവും സനാതനധർമ്മവും വേണ്ടത്ര പാകപ്പെടാതെപ്പോകും. പ്രകൃതിപോലും അതിന്റെ പ്രകൃതത്തിൽ നിന്നും വ്യതിചലിക്കും. അതോടെ മനുഷ്യന് പ്രതിരോധിക്കാനാവാത്തതായ പലതും വന്നുചേരും. ഖേദപൂർവ്വം പറയട്ടെ, അതൊക്കെയും ഉൾക്കൊള്ളേണ്ടതിനേക്കാൾ കൂടുതൽ മനുഷ്യൻ അവഗണിക്കുകയാണ് ചെയ്തുപോന്നത്. അതിന്റെ ഫലമോ? മനുഷ്യൻ ആർത്തിയും ആസക്തിയും അവസാനിക്കാത്തവനായി മാറി. കാശുകൊണ്ട് ആകാശമുണ്ടാക്കാൻ വരെ കഴിയുന്ന ശാസ്ത്രബോധത്തിലേക്ക് കുതിക്കുന്നതിനിടയിലാണ് കാശിനു വിധേയമാകാത്തൊരു കീടം വന്നു മനുഷ്യനെയാകെ, ലോകത്തെയാകെ, ശാസ്ത്രത്തെയാകെ ഇപ്പോൾ വിറപ്പിച്ചുകൊണ്ടിരിക്കുന്നത്.
ജീവിതത്തിൽ ഇന്നുവരേയും അനുഭവിച്ചിട്ടില്ലാത്തത്ര വിലക്കുകളാണ് മനുഷ്യനെ വരിഞ്ഞുമുറുക്കിയിരിക്കുന്നത്. സ്വന്തം വീട്ടിൽനിന്നും യഥേഷ്ടം പുറത്തു കടക്കാനാവാതെ, ഉറ്റവരുടേയും ഉടയവരുടേയും മരണങ്ങളിൽ പങ്കുകൊള്ളാനാവാതെ, മക്കളുടെ വിവാഹം ആഗ്രഹിച്ചതുപോലെ കെങ്കേമമായി നടത്താനാവാതെ, കരിയും കരിമരുന്നും അധികമാക്കി ഉത്സവങ്ങൾ പൊടിപൊടിക്കാനാവാതെ, ആരാധനാസങ്കേതങ്ങളിൽ ഭക്തിയുടെ അണകവിഞ്ഞ് നിവേദ്യങ്ങൾ സമർപ്പിക്കാനാവാതെ എല്ലായിടത്തുനിന്നും ഉൾവലിഞ്ഞുപോവുന്ന മനുഷ്യനെയാണ് ഈ മഹാമാരി കാട്ടിത്തരുന്നത്. അതുകൊണ്ട് ഇനിയുള്ള ജീവിതത്തിനു വേണ്ടത് മനുഷ്യന്റെ എല്ലാ രംഗത്തുമുള്ള നേട്ടങ്ങളുടെ നീണ്ട പട്ടികയല്ല, മറിച്ച് സ്വയം നിയന്ത്രണങ്ങളുടെ ചില താദാത്മ്യപ്പെടലുകളാണ്. ഇതെല്ലാം ഒന്നേകാൽ നൂറ്റാണ്ടിനു മുമ്പ് തന്നെ ഭഗവാൻ ശ്രീനാരായണഗുരുദേവൻ ഉപനിഷദ് സാരസർവസ്വമായ ആത്മോപദേശശതകമെന്ന ദാർശനിക കൃതിയിലൂടെ നമ്മെ ഓർമ്മപ്പെടുത്തിയിട്ടുള്ളതാണ്. ഗുരുവരുളിനെ തമസ്കരിച്ചവരെല്ലാം ഇന്നത് പാലിക്കുവാൻ നിർബന്ധിതമായി തീർന്നിരിക്കുന്ന സാമൂഹ്യസാഹചര്യമാണ് ഇപ്പോൾ .
ഒരു വിവാഹത്തിനു പത്തുപേരിലധികം വേണ്ടതില്ലെന്നും മരണാനന്തരകർമ്മങ്ങൾ ലഘുവായി നടത്തണമെന്നും മിതവ്യയം ശീലിക്കണമെന്നും ക്ഷേത്രോത്സവങ്ങളിൽ കരിയും കരിമരുന്നും വേണ്ടെന്നും തൃപ്പാദങ്ങൾ പറഞ്ഞത് അക്ഷരംപ്രതി പാലിക്കുവാൻ നമുക്ക് ഒരു മഹാരോഗത്തിന്റെ സാന്നിദ്ധ്യവും ഭീഷണിയും വേണ്ടിവന്നു .ജാതിമതഭേദങ്ങൾ കൂടാതെ ജനങ്ങൾക്ക് ഒരുമിച്ചിരുന്ന് നല്ല വിചാരങ്ങളും വിശ്വാസങ്ങളും ഉണ്ടാക്കാനും പങ്കിടാനുമുള്ള പ്രാർത്ഥനാസങ്കേതങ്ങളെന്ന നിലയിലാണ് തൃപ്പാദങ്ങൾ ക്ഷേത്രങ്ങൾ സ്ഥാപിച്ചത്. ഭക്തി മനുഷ്യനെ അരുതായ്മകളിൽ നിന്ന് മോചിപ്പിക്കുകയും നന്മയുടെ പ്രകാശം പരത്തുകയും ചെയ്യുമെന്നതിനാലാണ് ഈശ്വരഭക്തി എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണമെന്ന് ഗുരുദേവൻ ഉപദേശിക്കുകയുണ്ടായതും. എന്നാൽ ഭക്തിയെ വിപണനോപാധിയാക്കുന്ന പുതിയൊരു ക്ഷേത്രസംസ്കാരം വളർന്നുവരുന്ന രീതിയാണ് കുറച്ചുകാലമായി കാണുന്നത് .എല്ലാ ക്ഷേത്രങ്ങളിലും വായനശാലകൾ ഉണ്ടായിരിക്കണം. എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ചുപഠിപ്പിക്കണം. നല്ല വിചാരങ്ങൾ ഉണ്ടാവണം. ക്ഷേത്രം ഒരറ്റത്ത് അവിടെ നിന്നുകൊള്ളട്ടെ. ആളും ആരവങ്ങളുമില്ലാതെ ക്ഷേത്രങ്ങൾ ഒരറ്റത്തു നിൽക്കുന്ന അപൂർവം കാഴ്ചയാണല്ലോ നമ്മൾ ഇന്ന് കാണുന്നത്.
ഗുരുദേവൻ മനുഷ്യരാശിയുടെ ഉന്നമനത്തിനായി നൽകിയ മദ്യവർജ്ജന സന്ദേശത്തിന്റെ ശതാബ്ദി വർഷമാണിത്. 1920 ലെ ഗുരുജയന്തിയോടനുബന്ധിച്ചാണ് ആ മഹാസന്ദേശം പുറപ്പെട്ടത്. മദ്യം വിഷമാണ്. അതുണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്. പക്ഷെ അതു കേൾക്കേണ്ടവരാരും കേട്ടതായി നടിച്ചില്ല. മദ്യത്തിന്റെ ഒഴുക്ക് കൂടിവന്നതേയുള്ളു. കൃഷിയാണ് ജീവരാശിയുടെ നട്ടെല്ലെന്ന ഗുരുവചനത്തിന്റെ പൊരുൾ ഇന്ന് സമൂഹം തിരിച്ചറിയുകയാണ്. വീട്ടിലും നാട്ടിലും കൃഷി വ്യാപകമാകുന്ന ഒരു സംസ്കാരം വളർന്നുവരുന്നു. ഇത് തുടർന്നാൽ നമ്മുടെ കൂട്ടായ്മ അങ്ങേയറ്റം ദൃഢതരമാകും. അതുപോലെ തന്നെ ശുചിത്വവും വിമലീകരണവും പ്രധാനങ്ങളാണ്. ശുചിത്വമുണ്ടായാൽ മാറിനിൽക്കുവാൻ ആരും പറയുകയില്ലെന്നും കുളിക്കാത്തവരെ കൂട്ടത്തിൽ കൂട്ടരുതെന്നും ശുചിത്വം അടുക്കളയിൽ നിന്നും തുടങ്ങണമെന്നുമാണ് ഗുരുദേവൻ ഉപദേശിച്ചിട്ടുള്ളത്.
ഇനിയുള്ള രോഗാനന്തരകാലം നമ്മോടാവശ്യപ്പെടുന്നതും ഇതാവുമെന്നതിൽ സംശയമില്ല. കൊറോണ വന്നാലും നിന്നാലും പോയാലും ശരി ഗുരുദേവന്റെ ദാർശനികാടിത്തറയിലല്ലാതെ ഭാവിജീവിതം നമുക്ക് മുന്നോട്ട് നയിക്കാനാവുകയില്ലെന്നതാണ് യാഥാർത്ഥ്യം. ആ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ ജീവിതവും ജീവിതശൈലിയും മാറണം. അല്ലെങ്കിൽ മാറ്റണം. ആ മാറ്റത്തിന്റെ കരുത്തിലാണ് ഇനിയുള്ള നമ്മുടെ ജീവിതത്തിന്റെ ഭദ്രതയുടെ നാളം കെടാതിരിക്കുക.