തിരുവനന്തപുരം : പ്രവാസികളെ സർക്കാർ അപമാനിക്കുകയാണെന്നും നാട്ടിൽ മടങ്ങിയെത്തുന്നവരിൽ നിന്ന് ക്വാറന്റൈൻ ഫീസ് വാങ്ങുന്നത് ക്രൂരതയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രവാസികളോടുള്ള അവഗണനയ്‌ക്കെതിരെ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്വാറന്റൈൻ ഫീസ് ഈടാക്കുന്നുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.സർക്കാർ പ്രവാസികളെ കാണുന്നത് പേയിംഗ് ഗസ്റ്റ് ആയിട്ടാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
യു.ഡി.എഫ്. ജില്ലാ ചെയർമാൻ സോളമൻ അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ജോൺ, കെ.പി.സി.സി ജനറൽ സെക്രട്ടറി പാലോട് രവി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത്ചന്ദ്രപ്രസാദ്, ബീമാപള്ളി റഷീദ്, നെയ്യാറ്റിൻകര സനൽ, ബാബു ദിവാകരൻ, കൊട്ടാരക്കര പൊന്നച്ചൻ, മനോജ് കുമാർ, എം.എൽ.എ.മാരായ വി.എസ്.ശിവകുമാർ, എം.വിൻസെന്റ്, കെ.എസ്. ശബരീനാഥൻ തുടങ്ങിയവർ പങ്കെടുത്തു.