വക്കം:ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം. പി ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കത്തയച്ചു. പദ്ധതി വൈകുന്നത് സംബന്ധിച്ചു കേന്ദ്രമന്ത്രിയുമായി നേരത്തേ കൂടിക്കാഴ്ച് നടത്തിയപ്പോൾ നടപടികൾ വേഗത്തിലാക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു. പദ്ധതിക്ക് തുക അനുവദിക്കാത്തതു സംബന്ധിച്ച് ലോക്സഭയിൽ രണ്ടു പ്രാവശ്യം ചോദ്യം ഉന്നയിച്ചപ്പോഴും ടെൻഡർ നടപടികൾ പൂർത്തിയായാൽ തുക അനുവദിക്കും എന്ന മറുപടിയാണ് മന്ത്രി നൽകിയത്. ഈ പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ അനുകൂല തീരുമാനം എടുക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.