കാട്ടാക്കട: ക്വാറികൾക്ക് വൈൽഡ് ലൈഫ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ക്രമക്കേടുള്ളതായി പരാതി. സർട്ടിഫിക്കറ്റുകൾ നൽകിയത് പുനപ്പരിശോധിക്കണമെന്ന ആവശ്യം ശക്തം. ലോക്ക് ഡൗൺ കാലത്ത് ജില്ലയിലെ നിരവധി ക്വാറികൾക്ക് ചട്ടങ്ങൾ ലംഘിച്ചാണ് സർട്ടിഫിക്കറ്റുകൾ വൈൽഡ് ലൈഫ് വാർഡൻമാർ നൽകിയതെന്നാണ് ആരോപണം. വൈൽഡ് ലൈഫ് അതിർത്തിയിൽ നിന്ന് പത്ത് കിലോമീറ്റർ (എയർ ഡിസ്റ്റൻസ് )പരിധിക്ക് പുറത്താണെന്ന സർട്ടിഫിക്കറ്റ് നൽകിയതിലാണ് ക്രമക്കേട്.
പേപ്പാറ,നെയ്യാർഡാം,വൈൽഡ് ലൈഫ് സാംഗ്ച്വറികളിൽ നിന്നാണ് ജില്ലയിലെ ക്വാറി ഉടമകൾ സർട്ടിഫിക്കറ്റുകൾ നേടിയത്. നെടുമങ്ങാട് പ്രദേശത്ത ക്വാറിക്കാർ നെയ്യാർഡാം വൈൽഡ് ലൈഫ് വാർഡനിൽ നിന്നു സർട്ടിഫിക്കറ്റ് വാങ്ങിയപ്പോൾ കാട്ടാക്കട,നെയ്യാറ്റിൻകര താലൂക്കുകളിലെ ക്വാറി മുതലാളിമാരിൽ ചിലർ പേപ്പാറ സാംഗ്ച്വറിയിൽ നിന്നാണ് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്.ക്വാറിയിൽ നിന്നു വന്യജീവിസങ്കേത കേന്ദ്ര അതിർത്തിവരെ 10കിലോമീറ്റർ അതിർത്തി നിർണയിക്കുന്നതിനായുള്ള ജി.പി.എസ് പോയിന്റുകളിൽ കൃത്രിമം കാട്ടിയാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. സർട്ടിഫിക്കറ്റ് ലഭിച്ചശേഷം ക്വാറികൾ പ്രവർത്തനം തുടങ്ങുന്നതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതിനിടെ ചില പ്രദേശങ്ങളിൽ നാട്ടുകാർ സമരവും ആരംഭിച്ചിട്ടുണ്ട്. നെയ്യാർഡാം വൈൽഡ് ലൈഫ് സാംഗ്ച്വറി ഓഫീസിന് വിളിപ്പാടകലെയുള്ള കണ്ടൻ തിട്ടയിലുള്ള ക്വാറിക്കുപോലും അനുകൂല സർട്ടിഫിക്കറ്റ് നേടിയതായാണ് വിവരം. സാംഗ്ച്വറിക്കുള്ളിലെ കണ്ടൻതിട്ട ക്വാറിയിൽ പാറകൾ പൊട്ടിക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.എന്നാൽ ഇവിടെ നിന്നു ക്രഷർ ഉത്പന്നങ്ങൾ പുറത്തേക്ക് പോകുന്നതായാണ് വിവരം.