തിരുവനന്തപുരം: പുത്തനുടുപ്പിട്ട് രക്ഷിതാക്കളുടെ കൈയിൽ തൂങ്ങി ചിണുങ്ങിച്ചിണുങ്ങി കുരുന്നുകൾ പ്രവേശനോത്സവത്തിനെത്തുന്ന സുന്ദരകാഴ്ച ഈ ജൂണിൽ സ്കൂളുകളിലില്ല. കൊവിഡ് വില്ലനായതോടെ, പ്ളസ് ടു വരെയുള്ള കുട്ടികളെ വീട്ടിലിരുത്തി നാളെ മുതൽ ഓൺലൈൻ ക്ളാസ് ആരംഭിക്കുകയാണ് സർക്കാർ. വിക്ടേഴ്സ് ചാനലിലും ക്ളാസുണ്ടാവും.
ഇപ്പോഴത്തെ സാഹചര്യത്തിൽ കുറഞ്ഞത് ഒരു മാസമെങ്കിലും കുട്ടികളെ സ്കൂളിലെത്തിക്കാനാവില്ലെന്ന് സർക്കാർ കണക്ക്കൂട്ടുന്നു. ഒരാഴ്ചത്തെ ഓൺലൈൻ ക്ലാസ് എത്രത്തോളം വിജയകരമാണെന്ന് വിലയിരുത്തി തുടർന്നുള്ളവ ആസൂത്രണം ചെയ്യും.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 43 ലക്ഷം കുട്ടികളാണുള്ളത്.
പാഠപുസ്തക വിതരണവും നാളെ ആരംഭിക്കും. ഇതിനായി കുട്ടികളെ സ്കൂളിലേക്ക് വരുത്തില്ല. രക്ഷിതാക്കൾക്കും എത്താൻ കഴിയാതിരുന്നാൽ വീടുകളിൽ എത്തിക്കും.
ഓൺലൈൻ പഠനം
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും യു-ട്യൂബ് വഴിയുമാണ് 'ഫസ്റ്റ് ബെൽ' എന്ന ഓൺലൈൻ പഠനം
വീട്ടിൽ ടി.വി, സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് അങ്കണവാടിയിലും മറ്റും സൗകര്യമൊരുക്കും
സൗകര്യമുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകൾ സ്വന്തം നിലയ്ക്ക് വാട്സ് ആപ്പ് വഴി ക്ലാസ് നടത്തും
സി.ബി.എസ്.ഇ സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. നാളെ മുതൽ വിപുലമാക്കും
''ഓൺലൈൻ ക്ലാസ് സ്കൂൾ തുറക്കും വരെ താത്കാലിക സംവിധാനം. ജൂൺ പത്തിനകം എല്ലാ പാഠപുസ്തകങ്ങളും സ്കൂളുകളിലെത്തിക്കും.''
- സി.രവീന്ദ്രനാഥ്,
വിദ്യാഭ്യാസ മന്ത്രി
43 ലക്ഷം
ഒന്നു മുതൽ 12 വരെ ക്ലാസിലെ കുട്ടികൾ
ഓൺ ലൈൻ ക്ലാസ്: ആശങ്കകളേറെ
തിരുവനന്തപുരം: സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന് നാളെ തുടക്കമാകുമ്പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കകളേറെയാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ്. ടി.വിയുള്ള എല്ലാ വീടുകളിലും വിക്ടേഴ്സ് ലഭ്യമല്ല. സർക്കാർ നിർദ്ദേശപ്രകാരം കേബിൾ ടി.വിക്കാർ വിക്ടേഴ്സ് ചാനൽ ഉൾപ്പെടുത്താനാരംഭിച്ചെങ്കിലും എല്ലാ ഡി.ടി.എച്ച് (ഡിഷ്) കണക‌്ഷനുകളിലും ഇത് ലഭ്യമല്ല. കമ്പനികൾക്കും കേന്ദ്രത്തിനും ഇതു സംബന്ധിച്ച് സർക്കാർ അപേക്ഷ നൽകിയിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ ലഭ്യമാകണമെങ്കിൽ ടി.വിയോ സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ വേണം. ഇതൊന്നുമില്ലാത്ത 2,61,784 വിദ്യാർത്ഥികളുണ്ട്. സൗകര്യം ഒരുക്കേണ്ട ചുമതല ക്ലാസ് ടീച്ചറിനും പ്രധാന അദ്ധ്യാപകനുമാണ്. ടി.വിയുള്ള വീട്, ഗ്രന്ഥശാല, അക്ഷയ കേന്ദ്രം എന്നിവിടങ്ങളിലേതിലെങ്കിലും ബദൽ സംവിധാനം ഒരുക്കണം. ഇത് എത്രത്തോളം വിജയിക്കുമെന്ന് നാളെ മുതൽ അറിയാം.