ലണ്ടൻ : രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ബ്രിസ്റ്റൽ ബ്യൂഫൈറ്റർ ടി.എഫ്.എക്സ് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ വടക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ബീച്ചിൽ കണ്ടെത്തി. ക്ലീതോർപ്സ് ബീച്ചിൽ കഴിഞ്ഞ ദിവസം നടക്കാനിറങ്ങിയ ദമ്പതികളാണ് മണലിൽ വിമാനാവശിഷ്ടങ്ങൾ തെളിഞ്ഞു വന്നത് കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ അവശിഷ്ടം എന്താണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫോട്ടോകളെടുത്ത് നിരീക്ഷിച്ച് 45 മിനിറ്റുകൾക്ക് ശേഷമാണ് വിമാനാവശിഷ്ടമാണ് ഇതെന്ന് കണ്ടെത്തിയത്. ബ്രിട്ടന്റെ റോയൽ
എയർഫോഴ്സിന്റെ 254ാം സ്ക്വാഡൺ ഉപയോഗിച്ചിരുന്ന ജെ.എം 333 എന്ന വിമാനമാണിതെന്ന് റോയൽ എയർഫോഴ്സ് മ്യൂസിയം അറിയിച്ചു. 1944 ഏപ്രിൽ 21ന് ലിങ്കൺഷെയറിൽ നിന്നും പറന്നുയർന്ന ഈ വിമാനം രണ്ട് എഞ്ചിനുകളും തകരാറിലായതോടെ തകർന്നു വീഴുകയായിരുന്നു. പൈലറ്റ് രക്ഷപ്പെട്ടിരുന്നുവെന്നാണ് രേഖകൾ. ക്ലീതോർപ്സ് ബീച്ചിൽ ശക്തമായ വേലിയേറ്റമുണ്ടായതിനാൽ വിമാനാവശിഷ്ടങ്ങൾ കാണാനെന്ന പേരിൽ ആരും എത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.