തിരുവനന്തപുരം: സ്‌പ്രിൻക്ളർ കരാർ വിവാദമാവുകയും ഹൈക്കോടതിയിൽ കേസ് എത്തുകയും ചെയ്ത പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവരശേഖരണവും കൈമാറ്റവും പരിപാലനവും വ്യക്തികളുടെ മുൻകൂർ അനുമതിയോടെ മാത്രം നടത്തണമെന്ന് നിർദ്ദേശിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേന്ദ്ര ഐ.ടി നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിച്ചായിരിക്കണം വ്യക്തിവിവര ശേഖരണം.
ഹൈക്കോടതിയിൽ സർക്കാർ അറിയിച്ച നിലപാടും കോടതിയുടെ നിർദേശങ്ങളുമാണ് ഇപ്പോൾ ഉത്തരവായി വന്നിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ സ്‌പ്രിൻക്ളർ കേരളീയരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം രംഗത്തെത്തിയത്.
ഉത്തരവിലെ നിർദേശങ്ങൾ
# വിവരം നൽകുന്നയാളുടെ വ്യക്തമായ അനുമതി വേണം.
# വിവര കൈമാറ്റം അംഗീകൃത രഹസ്യസംവിധാനങ്ങളിലൂടെ മാത്രം. വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്ന സൂചനകൾ രഹസ്യമാക്കണം.അതിനുള്ള മുൻകരുതൽ എടുത്തശേഷമേ വിവരം കൈമാറാവൂ.
# ഇതുവരെ ശേഖരിച്ച വിവരങ്ങൾക്കും ഇനി ശേഖരിക്കുന്നതിനും ഇത് ബാധകമാണ്.
# വ്യക്തി രേഖാമൂലം അനുമതി നൽകിയാൽ മാത്രമേ വിവരങ്ങൾ കൈമാറാവൂ.
# വിവരം ശേഖരിക്കുന്ന ഉപകരണത്തിൽ പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും സംവിധാനമുണ്ടാകണം.
# ഉദ്ദേശ്യം എന്താണോ, അതിനുമാത്രമേ വിവരങ്ങൾ ഉപയോഗിക്കാവൂ.
# ഡേറ്റാ സെന്ററിൽ സുരക്ഷിതമായി സൂക്ഷിക്കണം.
# ക്ലൗഡിലാണ് സൂക്ഷിക്കുന്നതെങ്കിൽ സേവനദാതാവിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ഉണ്ടായിരിക്കണം.
# ജി.പി.എസ്, ബ്ലൂ ടൂത്ത് തുടങ്ങിയവ ഉപയോഗിക്കുമ്പോഴും വിവരം നൽകുന്നയാളിന്റെ വ്യക്തമായ അനുമതി വേണം.
# മറ്റൊരു സ്ഥാപനത്തിന്റെ സംവിധാനമാണ് വിവരശേഖരണത്തിന് ഉപയോഗിക്കുന്നതെങ്കിൽ അതിന് ഐ.എസ്.ഒ സർട്ടിഫിക്കേഷനുണ്ടാകണം.
# സ്റ്റേറ്റ് ഡേറ്റാ സെന്ററിൽ ഹോസ്റ്റ് ചെയ്യുന്ന ആപ്ലിക്കേഷനായാലും സോഫ്റ്റ്‌വെയറായാലും സുരക്ഷാ ഓഡിറ്റിംഗ് നിർബന്ധം.