തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയതോടെ കേസ് പുനരന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. സംഭവത്തിനുപിന്നിൽ കൂടുതൽ പേർക്ക് ബന്ധമുള്ളതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇക്കാര്യത്തിൽ വ്യക്തതവരുത്താൻ ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി കേസ് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥനെ ഉടൻ തീരുമാനിക്കും. കേസിൽ ഉന്നത ഇടപെടൽ നടന്നോയെന്നും അന്വേഷിക്കും.
2017 മേയ് 19ന് രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. കണ്ണമ്മൂലയിൽ 23 വയസായ ഒരു വിദ്യാർത്ഥിനിയുടെ വീട്ടിലായിരുന്നു സംഭവം. ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി ചെയ്‌തതെന്നായിരുന്നു പെൺക്കുട്ടിയുടെ മൊഴി. പ്രായപൂർത്തിയാകുന്നതിനുമുൻപേ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകി. തുടർന്ന് ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്ത പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. എന്നാൽ ഇപ്പോൾ സംഭവം നടന്ന് മൂന്നു വർഷത്തിനുശേഷമാണ്
കേസ് മറ്റൊരു വഴിത്തിരിവിലെത്തിയത്. പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രീയം മുറിച്ചത് പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പെൺകുട്ടിയും മാതാപിതാക്കളും പോക്‌സോ കോടതിയിലും ഹൈക്കോടതിയിലും തിരുത്തി പറഞ്ഞിരുന്നു. ഈ മൊഴിമാറ്റം പൊലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടു പഠിച്ചു
സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന പെൺകുട്ടിയുടെ ആദ്യമൊഴി തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. സംഭവം നടക്കുന്നതിന് രണ്ട് മാസം മുൻപ് പെൺകുട്ടി ജനനേന്ദ്രിയം മുറിക്കുന്ന ദൃശ്യങ്ങൾ യൂ ട്യൂബിൽ സെർച്ച് ചെയ്ത് കണ്ടിരുന്നെന്നാണ് ഫോറൻസിക് റിപ്പോർട്ട്. പെൺകുട്ടികളുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കൂടാതെ കത്തിയിലെ വിരലടയാളം മായ്ച്ചുകളഞ്ഞെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
വീഴ്ചകൾ
ഗംഗേശാനന്ദയ്ക്ക് അനുകൂലമായി പെൺകുട്ടി മൊഴി മാറ്റിയത് അന്വേഷിച്ചില്ല
സംഭവത്തിനു പിന്നിൽ കാമുകനും സുഹൃത്തുക്കളുമെന്ന മൊഴിയും മുഖവിലയ്ക്കെടുത്തില്ല