തിരുവനന്തപുരം: പകർച്ചവ്യാധികൾ തടയുന്നതിനായി ഊർജിത മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ. ആക്ഷൻ പ്ലാൻ തയ്യാറാക്കിയാണ് നഗരസഭ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. ഓടകളുടെയും തോടുകളുടെയും ശുചീകരണം, വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും കൊതുകിന്റെ ഉറവിട നശീകരണം, മാലിന്യം കൂടി കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി വൃത്തിയാക്കൽ എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഇതുവരെ 758 ഓടകളിലെ മണ്ണുമാറ്റി ഓട വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നടത്തി നീരൊഴുക്ക് സുഗമമാക്കി. 161346 വീടുകളിൽ ഇതിനോടകം ഉറവിടനശീകരണം നടത്തുകയും ബോധവത്കരണത്തിനായുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിന്റെ സഹായത്തോടെയാണ് ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്തു. തമ്പാനൂരിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതിനായി റെയിൽവേയുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
എപ്പിഡെമിക് കൺട്രോൾ സെൽ
----------------------------------------------------
പകർച്ചവ്യാധികൾ തടയുന്നതിനായി പ്രത്യേക എപ്പിഡെമിക് കൺട്രോൾ സെല്ലും നഗരസഭയിൽ സജ്ജമാക്കി. സെല്ലിന്റെ നേതൃത്വത്തിൽ നഗരത്തിൽ മാസ് ഫോഗിംഗ്, മാസ് സ്‌പ്രേയിംഗ് എന്നിവ നടക്കുകയാണ്. കിള്ളിയാർ ശുചീകരണവുമായി ബന്ധപ്പെട്ട് നഗരസഭ ആരംഭിച്ച കിള്ളിയാർ സിറ്റി മിഷൻ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലാണ്. എരുമക്കുഴിയിലെ മാലിന്യം നീക്കം അവസാന ഘട്ടത്തിലാണ്. 2388.18 എം ക്യൂബ് മാലിന്യമാണ് ഇവിടെയുള്ളത്. മാലിന്യം പൂർണമായി നീക്കംചെയ്‌ത ശേഷം ലാൻഡ് സ്കേപ്പ് ഉൾപ്പെടെയുള്ള പുന്തോട്ടവും വനിതാ സൗഹൃദ കേന്ദ്രവും ഒരുക്കാനാണ് നഗരസഭയുടെ പദ്ധതി. ഓരോ വാർഡിനും 13,50,00 രൂപയാണ് ഈ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിരിക്കുന്നത്.
പ്രതിരോധ മരുന്നുകളുടെ വിതരണം
------------------------------------------------------------
പകർച്ച വ്യാധി തടയുന്നതിന്റെ ഭാഗമായി നഗരസഭയുടെ കീഴിലുള്ള വീടുകളിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്‌തു. ഭാരതീയ ചികിത്സാവകുപ്പുമായി ചേർന്നാണ് ആയുർവേദ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നത്.
നഗരസഭ നടപ്പാക്കിയത്
----------------------------------------
പ്രതിരോധ മരുന്ന് വിതരണം
ഓടകളുടെ ശുചീകരണം
കൊതുക് നശീകരണം
മാലിന്യനീക്കം വേഗത്തിൽ
വീടുകളിൽ ബോധവത്കരണം
പ്രതികരണം
----------------------------------
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഘട്ടംഘട്ടമായി നടക്കുകയാണ്. പ്രവർത്തനങ്ങൾ നഗരസഭയുടെ എപ്പിഡെമിക് കൺട്രോൾ സെൽ ഏകോപിപ്പിക്കും
മേയർ കെ. ശ്രീകുമാർ
കൊതുകുകളുടെ ഉറവിട നശീകരണം
നടത്തിയത് - 161346 വീടുകൾ