തിരുവനന്തപുരം: 38 വർഷത്തെ സേവനത്തിന് ശേഷം മിൽകോ സെക്രട്ടറി ആർ. അനിൽകുമാർ ഇന്ന് വിരമിക്കുന്നു. വാടക കെട്ടിടത്തിൽ തുടക്കം കുറിച്ച മേൽകടയ്ക്കാവൂർ ക്ഷീര സഹകരണ സംഘത്തെ ഇന്നത്തെ മിൽകോ ഡെയറിയായി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളാണ് അദ്ദേഹം.
സംഘത്തിന് തുടക്കം കുറിച്ച പിതാവ് എം. രാമന്റെ നിര്യാണത്തെത്തുടർന്ന് 1982ലാണ് അനിൽകുമാർ സർവീസിൽ പ്രവേശിക്കുന്നത്. 2005ൽ മിൽകോ എന്ന പേരിൽ ഒരു ലക്ഷം ലിറ്റർ പ്രതിദിന കപ്പാസിറ്റിയുള്ള പ്ലാന്റ്, ഐസ്ക്രീം പ്ലാന്റ്, സംഭരണ കേന്ദ്രം, കേക്ക് പ്ലാന്റ്, ജില്ല തോറും ഔട്ട്‌ലെറ്റുകൾ, കിടാരി പാർക്ക്, കേരളത്തിലാദ്യമായി മിൽക് എ.ടി.എം എന്നിവ സ്ഥാപിക്കാനും നേതൃത്വം നൽകി. 40 കോടിയിൽപ്പരം രൂപയുടെ വാർഷിക വിറ്റുവരവും 30 ലക്ഷത്തിൽപ്പരം രൂപയുടെ വാർഷിക അറ്റലാഭവും നേടാൻ സാധിച്ചത് സെക്രട്ടറിയുടെയും ഭരണസമിതിയുടെയും ശ്രമഫലമായാണ്. ജനീഫ ഭാര്യയും സുചിത്രാ അനിൽകുമാർ മകളുമാണ്.