കല്ലമ്പലം: ആംബുലൻസ് ഡ്രൈവർക്കും പ്രവാസിക്കും കൊവിഡ് സ്ഥിരീകരിച്ച നാവായിക്കുളം പഞ്ചായത്ത് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതിനാൽ ഹോട്ട് സ്പോട്ട് മൂന്നു വാർഡുകളിലായി കലക്ടർ പരിമിതിപ്പെടുത്തി. ഇടമൺനില, മരുതികുന്ന്, നാവായിക്കുളം എന്നിമ മാത്രമാണ് നിലവിൽ ഹോട്ട് സ്പോട്ട്.

ആംബുലൻസ് ഡ്രൈവറുടെ മൂന്നാമത്തെ സാമ്പിൾ പരിശോധനക്കയച്ചു. റിസൾട്ട്‌ ഇന്നറിയാം. ആദ്യത്തെ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തേത് നെഗറ്റീവായിരുന്നു. ഗ്രാമവാസികളുടെ ഭീതി അകറ്റാനും അവർക്ക് ധൈര്യം പകരാനും ഓരോ വീടുകളിലും ഇന്നുമുതൽ ആശാ പ്രവർത്തകരെത്തും. ആശാ പ്രവർത്തകരുടെ അവലോകന യോഗം പഞ്ചായത്തിൽ നടന്നു. സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ഉപയോഗിക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങളിൽ നാട്ടുകാർക്ക് കൂടുതൽ അവബോധം നൽകണമെന്നും ഹോമിയോ പ്രതിരോധ മരുന്ന് കഴിക്കാത്തവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് മരുന്ന് ലഭ്യമാക്കണമെന്നും തീരുമാനമായി. പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഇന്നു മുതൽ ആരംഭിക്കും. പഞ്ചായത്ത് പ്രസിഡന്റ്‌ കെ. തമ്പി, വൈസ് പ്രസിഡന്റ്‌ സൂര്യത്ത് ബീവി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണിലാൽ, പഞ്ചായത്തംഗങ്ങളായ കുടവൂർ നിസാം, സന്ധ്യ, മെഡിക്കൽ ഓഫീസർ ഷാനിൻ ബാവ എന്നിവർ പങ്കെടുത്തു.