mullappalli

തിരുവനന്തപുരം: രണ്ടാം എൻ.ഡി.എ സർക്കാർ ഒരുവർഷം പൂർത്തിയാക്കുമ്പോൾ രാജ്യം അഗാധമായ പ്രതിസന്ധിയിലാണെന്നും ഇന്ത്യയെ കുത്തുപാളയെടുപ്പിച്ച ഭരണാധികാരിയെന്ന പദവി കരസ്ഥമാക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

മോദി സർക്കാരിന്റെ ഭരണനൈപുണ്യമില്ലായ്മ പ്രകടമാക്കുന്നതാണ് കൊവിഡ് മഹാമാരിക്കാലം. ദീർഘവീക്ഷണവും മുൻകരുതലുമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളായ ദിവസവേതനക്കാർ നിരാലംബരായി. ആരോഗ്യമേഖല നാഥനില്ലാക്കളരിയായി. കൊവിഡ് വ്യാപനം തടയുന്നതിൽ കേന്ദ്ര സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു.

സാധാരണക്കാരുടെ കൈകളിലേക്ക് നേരിട്ട് പണമെത്തിക്കുന്നതിന് പകരം വായ്പാ സൗകര്യം ഏർപ്പെടുത്തുക മാത്രമാണ് കേന്ദ്രസർക്കാർ ചെയ്തത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 3.1 ശതമാനമായി കൂപ്പുകുത്തി. സാമ്പത്തിക പാക്കേജുകളുടെ മറവിൽ സമ്പൂർണ സ്വകാര്യവത്കരണമാണ് നടത്തുന്നത്. ഇന്ത്യയെ വർഗീയ ധ്രുവീകരണത്തിന് വിധേയമാക്കിയെന്നത് മാത്രമാണ് ഈ സർക്കാരിന്റെ ബാക്കിപത്രമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.