തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ജൂൺ 19 വരെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിരുന്നെങ്കിലും നിയമനങ്ങളൊന്നും നടന്നിട്ടില്ല. എന്നിട്ടും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആയിരക്കണക്കിന് ജീവനക്കാർ ഈ വർഷം വിരമിക്കുകയാണ്. ലോക്ക് ഡൗൺ കാരണം ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലും പൊലീസിലും ഉണ്ടായ ഒഴിവുകൾ അടിയന്തരമായി നികത്തണം. ക്ലറിക്കൽ തസ്തികയടക്കം ധാരാളം ഒഴിവുകൾ നികത്താത്ത സാഹചര്യത്തിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചാൽ പലർക്കും അവസരങ്ങൾ ലഭിക്കുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.