തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ പഴുതടച്ച സുരക്ഷയിൽ പുനരാരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷകൾ പൂർത്തിയായി. രണ്ടാം ഘട്ട മൂല്യനിർണയം തിങ്കളാഴ്ച ആരംഭിക്കും.
ഇന്നലെ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയിൽ 1,83710 പേർ (99.20%) ഹാജരായി. രണ്ടാം വർഷ പരീക്ഷയിൽ 4427 പേർ എത്തിയില്ല. വി.എച്ച്.എസ്.ഇ ഒന്നാം വർഷത്തിൽ 98.69ശതമാനവും രണ്ടാം വർഷത്തിൽ 98.93 ശതമാനവും പരീക്ഷയ്ക്കെത്തി. പതിവില്ലാത്ത രീതി ആശങ്കകൾ സൃഷ്ടിച്ചെങ്കിലും വലിയ പരാതികളില്ലാതെയാണ് പരീക്ഷകൾ പൂർത്തിയായത്. മൂല്യനിർണയം പെട്ടെന്ന് പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം.
അകലം പാലിച്ച്
കണ്ണീരോടെ...
സ്കൂൾ ജീവിതത്തിന്റെ അവസാന ദിവസത്തിൽ കെട്ടിപ്പുണർന്ന് യാത്ര പറയാൻ കഴിയാതെയാണ് സൗഹൃദങ്ങൾ പിരിഞ്ഞത്. ആഘോഷവും ബഹളവും ഇത്തവണയുണ്ടായില്ല. മൗനം തളം കെട്ടിയ അക്ഷരമുറ്റത്ത് പലരും കണ്ണുനിറച്ച് വിട പറഞ്ഞു. ചിലരൊക്കെ കൂട്ടുകാരുടെ വസ്ത്രങ്ങളിൽ തങ്ങളുടെ പേരുകൾ എഴുതിച്ചേർത്തു.