തിരുവനന്തപുരം: ആർക്കും മെരുക്കാൻ കഴിയാത്ത ഐ.പി.എസുകാരൻ ജേക്കബ് തോമസിന് ഇന്നുമുതൽ സർവീസ് ചട്ടങ്ങൾ ബാധകമല്ല. ഡി.ജി.പിയും മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ കം മാനേജിംഗ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് വിരമിക്കുകയാണ്.അതേസമയം അദ്ദേഹംഇന്ന് മാദ്ധ്യമ പ്രവർത്തകരോട് മനസ് തുറക്കുമെന്നാണ് അറിയുന്നത്.
പിരിയുന്നതിന് മുമ്പ് തരം താഴ്ത്തലിന് വിധേയനാവേണ്ടിവരുമോ എന്നു പലരും കരുതിയെങ്കിലും ഡി.ജി.പിയായി തന്നെയാണ് ജേക്കബ് തോമസ് വിരമിക്കുന്നത്..
കോട്ടയത്തെ കർഷകഗ്രാമമായ തീക്കോയിൽ ജനിച്ചുവളർന്ന ജേക്കബ് തോമസ് കാർഷിക സർവകലാശാലയിൽ നിന്നാണ് ബിരുദമെടുത്തത്. അഗ്രോണമിയിലാണ് ആദ്യ ഡോക്ടറേറ്ര് .പരിസ്ഥിതിയും സുസ്ഥിര വികസനത്തിലും ഡിപ്ലോമ നേടിയ ജേക്കബ് തോമസിന് കൃഷിയെ വിട്ട് ഒരു കളിയില്ല.ഇസ്രയേലിലെ കൃഷി രീതി പ്രാവർത്തികമാക്കാൻ ഇൻഫ്രാ അഗ്രോ ടെക്നോളജി എന്ന സ്ഥാപനത്തിന് വേണ്ടിയാണ് തമിഴ്നാട്ടിലെ രാജപാളയത്തെ 50 ഏക്കർ ഭൂമി അദ്ദേഹം പലരിൽ നിന്നുമായി വാങ്ങിയത്. ഇത് തന്റെ സ്വത്തുവിവരത്തിൽ കാണിച്ചില്ലെന്നാരോപിച്ചാണ് ജേക്കബ് തോമസിനെതിരെ കേസെടുത്തതും.
2015ലാണ് 85 ബാച്ചുകാരനായ ജേക്കബ് തോമസ് ഡി.ജി.പി റാങ്കിലെത്തുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായി. ഒരു ഘട്ടത്തിൽ ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയിലാണ് സർക്കാർ നിലനിന്നതുതന്നെ. ഐ.എ.എസുകാരുടെ വീട്ടിൽ പൊലീസ് കയറുകയും വ്യവസായ മന്ത്രി രാജിവയ്ക്കേണ്ടി വരികയും ചെയ്തതോടെ ജേക്കബ് തോമസിന് പുറത്തേക്കുള്ള വഴി തുറന്നു കിട്ടി. ഇടത്താവളം ഐ.എം.ജി ഡയറക്ടർ പദവിയായിരുന്നു. പിന്നെ സസ്പെൻഷൻ, കോടതി കയറ്രം. 2017ൽ ഓഖി ദുരന്തം ഉണ്ടായപ്പോൾ അദ്ദേഹം പരസ്യമായി സർക്കാരിനെ വിമർശിച്ചു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം എഴുതാൻ അനുവാദം വാങ്ങിയില്ല എന്നതും വിനയായി.