
, ഇന്നലെ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല
തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് ബിവറേജസ് കോർപ്പറേഷന്റെ വെർച്യൽ ക്യൂ വഴി മദ്യം ബുക്ക് ചെയ്യാനുള്ള 'ബെവ് ക്യൂ ആപ്പ്' ഇന്നലെ പ്ളേ സ്റ്റോറിലെ സെർച്ചിലെത്തി. മൂന്ന് ദിവസം മുമ്പ് അനുമതി ലഭിച്ചെങ്കിലും ഗൂഗിളിന്റെ ഇൻഡക്‌സിംഗ് പൂർത്തിയാകാത്തതിനാൽ ആപ്പ് സെർച്ചിൽ ലഭ്യമായിരുന്നില്ല. തുടർന്ന് ഫെയർകോഡ് കമ്പനി നൽകിയ ലിങ്കിലൂടെയായിരുന്നു ഉപഭോക്താക്കൾ ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇന്നലെ ഉച്ചയോടെ ഇൻഡക്‌സിംഗ് നടപടികൾ പൂർത്തിയായി. ഉപഭോക്താക്കൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത ശേഷം വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ മതി.
അതേസമയം, ഇന്നലെ കാര്യമായ പ്രശ്നങ്ങളില്ലാതെ മദ്യം ബുക്ക് ചെയ്യാൻ ഉപഭോക്താക്കൾക്ക് കഴിഞ്ഞു. ഇന്നലെ 4.05 ലക്ഷം ടോക്കണുകൾ നൽകിയതായി കമ്പനി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ബെവ്‌കോ, കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും മുഴുവൻ ബിയർ, വൈൻ പാർലറുകളിലേക്കും ടോക്കൺ നൽകി. ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഒരുപോലെ ഉപഭോക്താകളെ എത്തിക്കണമെന്ന ബെവ്കോയുടെ നിർദ്ദേശ പ്രകാരമാണ് പിൻകോഡിന് 20 കിലോമീറ്റർ ചുറ്റളവിലുള്ള കേന്ദ്രങ്ങൾ നൽകിയതെന്ന് കമ്പനി വിശദീകരിച്ചു. ടോക്കണിലെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാനുള്ള ആപ്പ് ഔട്ട്‌ലെറ്റുകൾക്ക് ലഭിക്കാത്തതിനാൽ ബുക്ക് ചെയ്തവരുടെ പട്ടിക മദ്യക്കടകൾക്ക് നൽകുകയും ഇത് ഒത്തുനോക്കിയുമായിരുന്നു വിതരണം. രണ്ട് ദിവസത്തിനുള്ളിൽ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് ബെവ്കോ എം.ഡി ജി.സ്‌പർജൻ കുമാർ പറഞ്ഞു.
ഇന്നും നാളെയും മദ്യമില്ല
സമ്പൂർണ ലോക്ക് ഡൗൺ ആയതിനാൽ ഇന്നും ഡ്രൈ ഡേ ആയതിനാൽ നാളെയും മദ്യം ലഭിക്കില്ല. രണ്ട് ദിവസം കൊണ്ട് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ആപ്പ് പൂർണസജ്ജമാകുമെന്ന് എം.ഡി പറഞ്ഞു. ക്ലബുകൾ വഴി മദ്യം പാഴ്‌സലായി നൽകാനുള്ള നിയമ ഭേദഗതിയുടെ വിജ്ഞാപനമായെങ്കിലും ഉത്തരവ് ഇന്നലെയിറങ്ങിയില്ല. ഇന്നോ നാളെയോ ഉത്തരവ് ഇറങ്ങിയേക്കും. ക്ലബിലെ അംഗങ്ങൾക്കു മാത്രമേ മദ്യം പാഴ്‌സലായി ലഭിക്കൂ. ആപ്പ് ടോക്കൺ ഇതിനാവശ്യമില്ല.