തിരുവനന്തപുരം: സ്കൂളുകളിൽ ഓൺലൈൻ പഠനത്തിന് നാളെ തുടക്കമാകുമ്പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കകളേറെയാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസ്. ടി.വിയുള്ള എല്ലാ വീടുകളിലും വിക്ടേഴ്സ് ലഭ്യമല്ല. സർക്കാർ നിർദ്ദേശപ്രകാരം കേബിൾ ടി.വിക്കാർ വിക്ടേഴ്സ് ചാനൽ ഉൾപ്പെടുത്താനാരംഭിച്ചെങ്കിലും എല്ലാ ഡി.ടി.എച്ച് (ഡിഷ്) കണക‌്ഷനുകളിലും ഇത് ലഭ്യമല്ല. കമ്പനികൾക്കും കേന്ദ്രത്തിനും ഇതു സംബന്ധിച്ച് സർക്കാർ അപേക്ഷ നൽകിയിട്ടുണ്ട്.
ഓൺലൈൻ ക്ലാസുകൾ ലഭ്യമാകണമെങ്കിൽ ടി.വിയോ സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ വേണം. ഇതൊന്നുമില്ലാത്ത 2,61,784 വിദ്യാർത്ഥികളുണ്ട്. സൗകര്യം ഒരുക്കേണ്ട ചുമതല ക്ലാസ് ടീച്ചറിനും പ്രധാന അദ്ധ്യാപകനുമാണ്. ടി.വിയുള്ള വീട്, ഗ്രന്ഥശാല, അക്ഷയ കേന്ദ്രം എന്നിവിടങ്ങളിലേതിലെങ്കിലും ബദൽ സംവിധാനം ഒരുക്കണം. ഇത് എത്രത്തോളം വിജയിക്കുമെന്ന് നാളെ മുതൽ അറിയാം.