തിരുവനന്തപുരം: ഇന്ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണായതിനാൽ ഇന്നലെ തലസ്ഥാനത്തെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കനുഭവപ്പെട്ടു. കൊവിഡ് പടർന്നുപിടിച്ചതിന് ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ലോക്ക് ഡൗൺ ദിനമാണിന്ന്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രം ഇന്ന് പ്രവർത്തിക്കും. അവശ്യസർവീസുകൾക്ക് ലോക്ക് ഡൗൺ ബാധകമല്ല. നഗരത്തിൽ ഇന്നലെ മഴ മാറിനിന്നതിനാൽ ജനം കൂട്ടത്തോടെ കടകളിലേക്കെത്തി. രാവിലെ മുതൽ ഇറച്ചിക്കടകളിൽ നല്ല തിരക്കായിരുന്നു. വൈകിട്ടോടെ ഇറച്ചി കിട്ടാത്ത സ്ഥിതിയുമുണ്ടായി. പല സ്ഥലങ്ങളിലും സാമൂഹിക അകലം പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.പൊലീസ് എത്തിയാണ് പലയിടത്തും തിരക്ക് നിയന്ത്രിച്ചത്. ഇപ്പോൾ ആഴ്ചയിൽ ഏറ്റവുമധികം കച്ചവടം ലഭിക്കുന്ന ദിവസമാണ് ശനിയാഴ്ചയെന്നാണ് വ്യാപാരികൾ പറയുന്നത്. പല കടകളിലും ഇന്നലെ സ്റ്റോക്ക് തീർന്നു.

ഇന്ന് ശ്രദ്ധിക്കാൻ

അനാവശ്യമായി വാഹനവുമായി നിരത്തിലിറങ്ങിയാൽ കർശന നടപടിയെടുക്കും

 പാൽ, പത്രം, പാഴ്സൽ സർവീസുകൾ, ആശുപത്രി, കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിക്കുന്ന വകുപ്പുകൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമല്ല

നിയന്ത്രണങ്ങളോടെ വിവാഹം, മരണാനന്തരചടങ്ങുകൾ എന്നിവയും നടത്താം.

പുലർച്ചെ അഞ്ച് മുതൽ രാവിലെ 10 വരെ കവടിയാർ -രാജ്ഭവൻ-വെള്ളയമ്പലം, വെള്ളയമ്പലം -മ്യൂസിയം, പട്ടം - കുറവൻകോണം - കവടിയാർ റോഡുകളിലെ സഞ്ചാരം പ്രഭാതസവാരിക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മാത്രമായി പരിമിതപ്പെടുത്തി

ഇന്ന് ശുചീകരണ ദിനമായി ആചരിക്കാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്

നഗരസഭയുടെ നേതൃത്വത്തിലും പൊതുസ്ഥലങ്ങൾ ശുചീകരിക്കും