കുറ്റപത്രം നൽകിയ വിവരം മറച്ചുവച്ച് ജാമ്യം നേടി
കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എറണാകുളം കുമ്പളം മുട്ടിങ്കൽ സഫർഷാ (32) വസ്തുതകൾ മറച്ചുവച്ച് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പുന: പരിശോധിക്കണെമന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. ആലപ്പുഴ തുറവൂർ സ്വദേശിനിയായ 17 കാരിയെ സഫർ ഷാ പ്രണയം നടിച്ച് കാറിൽ വാൽപാറയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ജനുവരി ഏഴിനാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. അടുത്ത ദിവസം തന്നെ പ്രതി അറസ്റ്റിലായി. ഇൗ കേസിൽ 83 ദിവസം പിന്നിട്ടപ്പോൾ ഏപ്രിൽ ഒന്നിന് അന്വേഷണ സംഘം എറണാകുളത്തെ കോടതിയിൽ കുറ്റപത്രം നൽകി. എന്നാൽ അറസ്റ്റിലായി 90 ദിവസം ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണ സംഘം കുറ്റപത്രം നൽകിയതു മറച്ചു വച്ച് പ്രതി നൽകിയ ഹർജി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഹൈക്കോടതി പരിഗണിച്ചത്. കുറ്റപത്രം സമർപ്പിച്ച വിവരം കോടതിയിൽ അറിയിക്കേണ്ട പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചില്ല. ഇതു സംബന്ധിച്ച് കൃത്യമായ വിവരം പ്രോസിക്യൂഷനു പൊലീസ് നൽകിയില്ലെന്നും ആക്ഷേപമുണ്ട്.
സിംഗിൾ ബെഞ്ച് മേയ് 12 നാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കുറ്റപത്രം നൽകാനായില്ലെന്ന വീഴ്ച വിധിയിൽ എടുത്തു പറഞ്ഞിട്ടുമുണ്ട്. സംഭവം വിവാദമായതോടെ കുറ്റപത്രം നൽകിയ വിവരം യഥാസമയം അറിയിക്കാൻ കഴിയാതെ പോയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഉത്തരവ് പുന: പരിശോധിക്കാൻ സർക്കാർ ഹർജി നൽകിയത്. വീഴ്ച അന്വേഷിക്കുമെന്നും ഹർജിയിൽ പറയുന്നുണ്ട്.