തിരുവനന്തപുരം : 1990 കളിൽ കേരള പൊലീസ് ഫുട്ബാൾ ടീമിന്റെ നെടുംതൂണുകളായിരുന്ന യു.ഷറഫലി, കെ.ടി. ചാക്കോ, ബാബുരാജൻ എന്നിവർ ഇന്നലെ സർവീസിൽനിന്ന് വിരമിച്ചു.
മുൻ ഇന്ത്യൻ നായകനായ ഷറഫലി കോട്ടയ്ക്കലിലെ റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റെഡ് ക്യൂഫോഴ്സിന്റെ കമൻഡാന്റ് പദവിയിൽനിന്നാണ് വിരമിച്ചത്. ഇന്ത്യയുടെ ഗോൾവല കാത്തിട്ടുള്ള ചാക്കോ കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയന്റെ ഡെപ്യൂട്ടി കമാൻഡന്റും ബാബുരാജൻ കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയന്റെ അസി. കമാൻഡാന്റുമായാണ് പൊലീസിൽ നിന്ന് വിരമിച്ചത്. 1990, 91 വർഷങ്ങളിൽ കേരള പൊലീസ് ടീം ഫെഡറേഷൻ കപ്പ് സ്വന്തമാക്കുമ്പോൾ ടീമിലെ മികച്ച പോരാളികളായിരുന്നു മൂവരും.
ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, വി.പി. സത്യൻ തുടങ്ങിയ കേരള ഫുട്ബാളിലെ സുവർണ താരങ്ങൾ അണിനിരന്ന കേരള പൊലീസിന്റെ അന്നത്തെ നിരയെ പരിശീലിപ്പിച്ചത് ടി.കെ. ചാത്തുണ്ണിയാണ്.
മലപ്പുറം അരീക്കോട് തെരട്ടമ്മൽ സ്വദേശിയായ ഷറഫലി 1985 ലാണ് കേരള പൊലീസിലെത്തുന്നത്. ചാക്കോയും ബാബുരാജനും 1987ലും.
കേരള പൊലീസ് ഫുട്ബാൾ ടീമിന്റെ ഒരു യുഗമാണ് അവസാനിക്കുന്നത്. കളിക്കളത്തിലും ഡിപ്പാർട്ട്മെന്റിലും ഞങ്ങൾ ഒരു കുടുംബം പോലെയായിരുന്നു. ആ ഒാർമ്മകൾക്ക് വിരാമമില്ല.
ഐ.എം. വിജയൻ