തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെ മുന്നിൽ നിന്ന് നയിച്ച് പടിയിറങ്ങുന്ന ചീഫ് സെക്രട്ടറി ടോം ജോസ് വിശ്രമദിനങ്ങൾ ആഹ്ളാദകരമാക്കാനുള്ള ചിന്തയിലാണ്.

തിരക്കുകളൊക്കെ കഴിഞ്ഞു. ഇനി ആമസോണിൽ നിന്ന് നല്ല സിനിമകൾ കാണണം. പാലായിൽ പോയി പിതാവിന്റെ ജൈവകൃഷിയും കാണണം. വിമാനം ഓടിത്തുടങ്ങിയാൽ ഭാര്യ സോജയ്ക്കൊപ്പം അമേരിക്കയിൽ പോയി ഏക മകൻ ഷോണിനെ കാണണം... ജോസ് മനസ് തുറന്നു.

ഷോൺ അമേരിക്കയിൽ ഏയറോസ്പേസ് എൻജിനിയറിംഗ് ബിരുദം പൂ‌ർത്തിയാക്കി. ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ടിക്കറ്രെടുത്ത് അമേരിക്കയിലേക്ക് പോകാനിരുന്നപ്പോഴാണ് കൊവിഡ് യാത്ര മുടക്കിയത്.

ഒന്നാം ഇന്നിംഗ്സ് കഴിഞ്ഞതല്ലേയുള്ളൂ. രണ്ടാം ഇന്നിംഗ്സിനെപ്പറ്റി തീരുമാനിച്ചിട്ടില്ല- ജോസ് പറഞ്ഞു. എന്തായാലും കുറച്ചുനാൾ തിരുവനന്തപുരത്തുണ്ടാകും.

2018 ജൂണിൽ പോൾ ആന്റണി വിരമിച്ചപ്പോൾ ചീഫ് സെക്രട്ടറി പദവിയിലെത്തിയ ടോം ജോസിന് ശ്വാസം വിടാൻ സമയം കിട്ടിയിരുന്നില്ല. നിപ്പ, പ്രളയം ശബരിമല വിവാദം, ഫ്ലാറ്ര് പൊളിക്കൽ,​ ഒടുവിൽ കൊവിഡും.

പാലാ വള്ളിച്ചിറ സ്വദേശിയായ ടോം ജോസ് സെന്റ്തോമസ് കോളേജിൽ നിന്നാണ് ബിരുദം നേടിയത്. 84 ബാച്ചിലെ ഈ ഐ.എ.എസുകാരൻ കെ.എസ്.ഐ.ഡ‌ി.സി, കൺസ്ട്രക്‌ഷൻ കോർപറേഷൻ, കൊച്ചി മെട്രോ എന്നിവയുടെ എം.ഡിയായിരുന്നു. ജലവിഭവം, തൊഴിൽ, എക്സൈസ് എന്നിവയുടെ ചുമതലയുള്ള അഡി. ചീഫ് സെക്രട്ടറിയുമായി.

കേരളത്തിന് പുറത്തും വിവിധ ചുമതലകൾ ടോം വഹിച്ചിട്ടുണ്ട്. 1999 മുതൽ 2004വരെ വാജ്പേയി സർക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയത്തിലായിരുന്നു. പിന്നീട് മൻമോഹൻ സിംഗിന്റെ കാലത്ത് നാലു വർഷം റഷ്യയിൽ ജോലി നോക്കി. അതും പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനായി തന്നെ.

മുഖ്യമന്ത്രി പിണറായി വിജയൻ യാത്രഅയപ്പ് വേളയിൽ ടോമിനെ ഏറെ പ്രശംസിച്ചു. "നല്ല സ്വാതന്ത്ര്യമാണ് മുഖ്യമന്ത്രി ഞങ്ങൾക്ക് തന്നത് "- തിരിച്ചു പ്രശംസിക്കാനും ടോം ജോസ് മറന്നില്ല.