tom-jose

തിരുവനന്തപുരം: ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരള ചരിത്രത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് ഇന്നലെ ദർബാർ ഹാളിൽ നൽകിയ യാത്രഅയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രളയം, നിപ, കാലവർഷക്കെടുതി, കൊവിഡ് തുടങ്ങി 23 മാസവും പ്രക്ഷുബ്ധവും വിശ്രമമെന്തെന്നറിയാത്ത രാപകലുകളുമായിരുന്നു. അർപ്പണബോധവും കാര്യക്ഷമതയും ആത്മാർത്ഥതയുമാണ് വിജയത്തിളക്കം സ്വന്തമാക്കാൻ ടോംജോസിന് തുണയായത്. സർക്കാർ നയങ്ങൾ അതേ അർത്ഥത്തിൽ പ്രവർത്തിപഥത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

കൊച്ചി മെട്രോയുടെ എം.ഡിയായിരുന്നപ്പോൾ അതിന്റെ കേന്ദ്രാനുമതികൾ നേടിയെടുക്കാൻ പ്രത്യേക താത്പര്യമെടുത്തു. വേസ്റ്റ് ടു എനർജി പ്രോഗ്രാമിന് പുതിയ മാനങ്ങൾ കണ്ടെത്തി. നേരത്തേ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ സേവനമനുഷ്ടിച്ചിരുന്ന സമയത്ത് കാണ്ഡഹാർ വിമാനറാഞ്ചൽ, പാർലമെന്റ് മന്ദിരത്തിലെ ആക്രമണം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നതിൽ അദ്ദേഹം പ്രധാനപങ്ക് വഹിച്ചു.

ആവശ്യമുള്ള ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങളും സേവനങ്ങളും ഇനിയും നമുക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാസുരമായ ഭാവിജീവിതം ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സൾക്കാരിനുവേണ്ടി മുഖ്യമന്ത്രി ടോം ജോസിന് ഉപഹാരം നൽകി. കേരളം ദുരന്തങ്ങളെ നേരിടുന്ന രീതിക്ക് ഇന്ത്യയിലും ലോകവ്യാപകമായും അംഗീകാരം കിട്ടുന്ന നിലയിൽ എത്തിയത് കൂട്ടായ ടീം വർക്കുകൊണ്ടാണെന്ന് ടോം ജോസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. സിവിൽ സർവീസിൽ വന്നില്ലായിരുന്നെങ്കിൽ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കാൻ കേരളത്തിലെ ഒരു കൊച്ചുപട്ടണത്തിൽനിന്നുള്ള തനിക്ക് സാധിക്കുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയുക്ത ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ആശംസകൾ നേർന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, ഇ.പി. ജയരാജൻ, കെ.കെ.ശൈലജ, സെക്രട്ടറിമാർ,​ ചീഫ് സെക്രട്ടറിയുടെ പത്‌നി സോജ തുടങ്ങിയവർ സംബന്ധിച്ചു.