തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ച തന്നെ എത്തിയേക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാദ്ധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ അടുത്ത 24 മണിക്കൂറിനുളളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാദ്ധ്യതയുണ്ട്. ഇതിന്‍റെ സ്വാധീനത്താല്‍ കേരളത്തിൽ ശക്തമായ മഴ എത്തിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി നിർദേശിച്ചു.
അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്. കേരള തീരത്ത് നിന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒരു കാരണവശാലും ആരും കടലിൽ പോകാൻ പാടുള്ളതല്ല.