trump-

വാഷിംഗ്‌ടണ്‍: ജൂണില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടി മാറ്റിവയ്ക്കുമെന്നും ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നും ഡൊണള്‍ഡ് ട്രംപ്. ലോകത്തെ യഥാര്‍ത്ഥ പ്രതിനിധികള്‍ ജി 7 ഉച്ചകോടിയില്‍ ഉണ്ടെന്ന് തോന്നിയിട്ടില്ല. കാലപഴക്കം ചെന്ന രാജ്യങ്ങളുടെ കൂട്ടായ്മയായിട്ടാണ് ജി 7 ഉച്ചകോടിയെ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ജൂണ്‍ അവസാന വാരം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉച്ചകോടി ചേരാനായിരുന്നു തീരുമാനം. ബ്രിട്ടന്‍, കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി 7 രാജ്യങ്ങള്‍.

റഷ്യ, ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെക്കൂടി ഉച്ചകോടിയില്‍ പങ്കെടുപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. യു.എന്‍ ജനറല്‍ അസംബ്ലിക്ക് മുമ്പായി സെപ്റ്റംബറില്‍ ഉച്ചകോടി ചേരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.