ചെന്നൈ: കേന്ദ്രതീരുമാനം വന്നതിന് പിന്നാലെ തമിഴ്‌നാട് ലോക്ക്‌ഡൗൺ ജൂൺ 30 വരെ നീട്ടി. അടുത്ത ഉത്തരവ് വരുന്നത് വരെ തമിഴ്‌നാട്ടിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുണ്ടായിരിക്കില്ല. നാളെ മുതൽ ചെന്നൈ, ചെങ്കൽപെട്ട്,കാഞ്ചീപുരം, തിരുവെള്ളൂർ ജില്ലകൾ ഒഴികുള്ള നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അമ്പത് ശതമാനം ബസുകൾ സർവീസ് നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് കേരളം, കർണാടകം ഉൾപ്പെടെയുള്ള അടുത്ത സംസ്ഥാനങ്ങളിലേക്ക് പോകാനും അനുമതിയുണ്ടായിരിക്കില്ല.
ജൂൺ എട്ട് മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ അനുമതി നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷാ സർവ്വീസിനും പ്രവർത്തനാനുമതി ലഭിച്ചു. അന്തർസംസ്ഥാന ബസുകൾക്ക് നിലവിൽ അനുമതി ഇല്ല. ഇവയ്ക്ക് ഇ പാസുണ്ടെങ്കിൽ മാത്രമേ സർവ്വീസ് നടത്താനാകൂ.
തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് 24 മണിക്കൂറിനിടെ 938 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 21,184 ആയി.
ചെന്നൈയിൽ മാത്രം ഇന്നലെ 616 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 13,980 ആയി. കന്യാകുമാരി, തേനി, തെങ്കാശി അതിർത്തി ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 160 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.