തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട മകൻ ചങ്ങനാശേരിയിൽ അമ്മയെ കഴുത്തറുത്ത് കൊന്നു. മലപ്പുറത്ത് മകൻ അച്ഛനെ തള്ളിയിട്ട് കൊന്നു. മദ്യപാനത്തിൻെറ രണ്ട് ദുരന്ത കഥകളാണ് ഇന്നലെ രാത്രി സംസ്ഥാനത്ത് അരങ്ങേറിയത്. രണ്ടിടത്തായി ഒരു അച്ഛനെയും ഒരു അമ്മയേയും മദ്യലഹരിയിൽ കൊന്ന മക്കൾ ലോക്ക്ഡൗൺ കാലത്തെ ഭീകരരൂപങ്ങളാവുകയാണ്.
ചങ്ങനാശേരി തൃക്കൊടിത്താനത്താണ് അമ്മയെ കൊന്നത്. തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ(55)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മദ്യപാനിയായ മകൻ ജിതിൻ ബാബു( 27) ഇന്നലെ രാത്രി കുടിച്ചെത്തി അമ്മയുമായി ഭക്ഷണത്തെപ്പറ്റി തർക്കമായി.ഇതിനിടയിൽ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് അമ്മയുടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലയ്ക്ക്ശേഷം മകൻ തൊട്ടടുത്ത വീട്ടിലേക്ക് ഫോൺ ചെയ്തു. വീട്ടിൽ വന്നാൽ ഒരു സംഭവം കാണാമെന്ന് പറഞ്ഞു.അയൽക്കാർ പൊലീസിൽ വിളിച്ചറിയിച്ചു. പൊലീസ് എത്തി ഗ്രിൽ പൊളിച്ച് വീട്ടിനുള്ളിൽ കടന്നപ്പോൾ അമ്മ കിടക്കമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു..
മലപ്പുറം തിരൂരിൽ മദ്യലഹരിയിലെ തർക്കത്തിനിടെ മകൻ തള്ളിയിട്ടാണ് മുത്തൂർ പുളിക്കൽ മുഹമ്മദ് മരിച്ചത്. ഇന്നലെ രാത്രി വീട്ടുമുറ്റത്തായിരുന്നു സംഭവം. സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്ന മകനെ പിതാവ് ശാസിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെ പിതാവിനെ മകൻ പിടിച്ചുതള്ളുകയായിരുന്നു. മുറ്റത്ത് വീണ് പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാരെത്തി തിരൂരിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും.രക്ഷിക്കാനായില്ല. രക്ഷപ്പെടാൻ നോക്കിയ മകൻ അബൂബക്കർ സിദ്ദിഖിനെ നാട്ടുകാർ പിടികൂടി തിരൂർ പൊലീസിൽ ഏൽപ്പിച്ചു.