yedyurappa

ബംഗളൂരു: കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനം നട്ടംതിരിയുന്നതിനിടെ കർണാടക രാഷ്ട്രീയം കലങ്ങിമറിയുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ അതൃപ്തരായ മുതിർന്ന ബി.ജെ.പി എം.എൽ.എമാർ ബംഗളൂരുവിൽ രഹസ്യയോഗം ചേർന്നു. പ്രതിപക്ഷത്തെ പ്രീണിപ്പിച്ചും പാർട്ടി നേതാക്കളെ അവഗണിച്ചുമുളള മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പ്രവർത്തന രീതിക്കെതിരെയും ബി.ജെ.പിയിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.

യെദ്യൂയൂരപ്പ ഉറപ്പ് നൽകിയ മന്ത്രിസ്ഥാനം കിട്ടാതെ പോയ മുതിർന്ന ബി.ജെ.പി നേതാവ് ഉമേഷ് കട്ടിയാണ് വിമത നീക്കങ്ങൾക്ക് പിന്നിൽ. ബംഗളൂരുവിൽ ഉമേഷ് കട്ടി വിളിച്ച രഹസ്യയോഗത്തിന് പതിനഞ്ച് എം.എൽ.എമാർ എത്തിയെന്നാണ് വിവരം. വടക്കൻ കർണാടകത്തിലെ ഇരുപത്തഞ്ച് എം.എൽ.എമാർ ഒപ്പമുണ്ടെന്നാണ് വാദം. ഒഴിവുളള ആറ് മന്ത്രിസ്ഥാനങ്ങളും രാജ്യസഭാ സീറ്റുമാണ് ലക്ഷ്യം.

അതേസമയം കൊവിഡ് നേരിടുന്നതിൽ ഡി.കെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി മുഖ്യമന്ത്രി

നിരന്തരം കൂടിയാലോചനകൾ നടത്തി. രാജ്യവിരുദ്ധ പ്രസ്താവനയുടെ പേരിൽ സോണിയ ഗാന്ധിക്കെതിരെയെടുത്ത കേസ് റദ്ദാക്കാമെന്ന് കോൺഗ്രസിന് യെദ്യൂയൂരപ്പ ഉറപ്പ് നൽകുകയും ചെയ്തു. ഇതിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പരസ്യമായി രംഗത്തുവന്നിരുന്നു.

ബി.ജെ.പിയിലെ യെദ്യൂരപ്പ വിരുദ്ധ ചേരിയുടെ ആശീർവാദത്തോടെയാണ് സമ്മർദനീക്കങ്ങളെന്നാണ് സൂചന. മുഖ്യമന്ത്രി ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നത് എന്നും പാർട്ടി നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.