ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടനയ്ക്ക് സാദ്ധ്യതയേറി. ധനമന്ത്രി നിർമ്മലാ സീതാരാമനെ മാറ്റിയേക്കുമെന്നാണ് സൂചന. ബ്രിക്‌സ് ബാങ്ക് ചെയർമാൻ കെ.വി കാമത്തിന്‍റെ പേരാണ് ധനമന്ത്രി സ്ഥാനത്തേക്ക് സജീവമാകുന്നത്. നന്ദൻ നിലേഖാനി, മോഹൻദാസ് പൈ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.
നിർമ്മല സീതാരാമനെ ധനമന്ത്രിയാക്കുക എന്ന അരുൺ ജയ്റ്റ്ലിയുടെ നിർദ്ദേശമാണ് മോദി ഒരു വർഷം മുമ്പ് സ്വീകരിച്ചത്. എന്നാൽ ലോക്ക് ഡൗണിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള വൻ പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പരിഷ്ക്കാരത്തിനുള്ള നിരവധി നിർദ്ദേശങ്ങൾ, നിയമഭേദഗതിയും എന്നിവയെല്ലാം ഇതിന് അനിവാര്യമാണ്. ഇത് മുൻകൂട്ടി കണ്ടുള്ള പ്രവർത്തനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുക.
സുരേഷ് പ്രഭുവിനെയും ധനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അണ്ണാ ഡി.എം.കയ്ക്ക് ഒരു സഹമന്ത്രിസ്ഥാനം നല്‍കിയേക്കും. ചില മന്ത്രിമാരെ പാർട്ടി പദവികളിലേക്ക് കൊണ്ടുവന്നേക്കും. ബീഹാർ, കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള മാറ്റങ്ങളും പ്രതീക്ഷിക്കാം. ജ്യോതിരാദിത്യ സിന്ധ്യയും കേന്ദ്രമന്ത്രിസ്ഥാനത്തേക്കുമെന്നാണ് സൂചന. രാജ്യസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള നടപടി വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചേക്കും.