files

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്നുള്ള കൂട്ട വിരമിക്കലിന് ഇന്ന് വേദിയാകുന്നു. ലോക്ക് ഡൗണായതിനാൽ യാത്ര അയപ്പ് ചടങ്ങുകളൊന്നുമില്ലാതെയാണ് അവർ സർവീസിന് ബൈ പറയുന്നത്. ഇത്രയും പേർ ഒരുമിച്ച് വിരമിക്കുന്നത് സമീപകാലത്ത് ആദ്യമാണ്. ഇന്ന് ഞായർ കൂടിയായതോടെ ഓഫീസുകളിൽ വരാതെ അവസാന ദിവസം വീടുകളിൽ തന്നെ വിരമിക്കലാവുകയാണ്.

യാത്ര അയപ്പും യാത്ര പറയലും ഫോട്ടോ എടുപ്പും വീടുകളിൽ കൊണ്ടാക്കുന്ന പതിവ് ആചാരങ്ങളുമില്ലാതെ തികച്ചും നിശബ്ദമായി അവർ പിരിയുകയാണ്. സർവീസിൽ കയറിയ ദിനങ്ങൾ എത്രപെട്ടെന്നാണ് കടന്നുപോയതെന്ന് ഓർമ്മിച്ചുകൊണ്ട് ഇന്നലെ ഓഫീസുകളിലെ അവസാന നിമിഷങ്ങൾ അവർ പങ്കുവച്ചു. മുപ്പതും മുപ്പത്തിയഞ്ച് വർഷവും അതിന് താഴെയും മുകളിലും സർവീസുള്ളവരാണ് വിരമിക്കുന്നത്. പലർക്കും ഓർക്കാൻ ഒളിമങ്ങാത്ത അനുഭവങ്ങൾ ഒത്തിരിയാണ്. അത് സന്തോഷമായും സങ്കടമായും സൂക്ഷിച്ചുകൊണ്ടാണ് വിരമിക്കൽ.

10,919 ജീവനക്കാരാണ് ഇന്ന് സർക്കാർ സർവീസിന്റെ പടിയിറങ്ങുന്നത്. സെക്രട്ടേറിയറ്റിൽ നിന്നും നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നുമായി 122 പേരാണ് വിരമിക്കുന്നത്. ഇതിൽ പൊതുഭരണ വകുപ്പിൽ നിന്ന് 84 പേരും, ധനവകുപ്പിൽ നിന്ന് 11പേരും നിയമവകുപ്പിൽ നിന്ന് 9 പേരും , നിയമസഭയിൽ നിന്ന് 18 പേരുമാണ് വിരമിക്കുന്നത്.

ഇതിൽ11 ഐ.പി.എസുകാരും 18 മുതിർന്ന പൊലീസ് ഓഫിസർമാരും ഉൾപ്പെടും. ഡിജിപിയും മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ ജേക്കബ് തോമസ്, ഡി.ജി.പിയും ഫയർഫോഴ്സ് ഡയറക്ടർ ജനറലുമായ എ.ഹേമചന്ദ്രൻ, പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ എ. വിജയൻ, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.പി.വിജയകുമാരൻ, അഡീഷണൽ എക്‌സൈസ് കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയേൽ, കൺസ്യൂമർ ഫെഡ് എംഡി വി എം.മുഹമ്മദ് റഫീക്ക്, സ്‌പെഷൽ ബ്രാഞ്ച് എ. സ്. പിമാരായ കെ.എം ആന്റണി, ജെ.സുകുമാര പിള്ള, ഭീകരവിരുദ്ധ സേന എസ്പി കെ..ബി.വേണഗോപാൽ, എസ്.എ.പി കമൻഡാന്റ് കെ.എസ്.വിമൽ, ആലപ്പുഴ എസ് പി ജയിംസ് ജോസഫ് എന്നിവരും ക്രൈംബ്രാഞ്ച് എസ് പി എൻ. അബ്ദുൽ റഷീദ്, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ബി.രവി, പൊലീസ് അക്കാദമി അസി. ഡയറക്ടർ റെജി ജേക്കബ്, മനുഷ്യാവകാശ കമ്മിഷൻ എസ് പി വി എം.സന്ദീപ്, കെ.എസ്.ഇ.ബി വിജിലൻസ് ഓഫിസർ ആർ. സുനീഷ് കുമാർ, റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്സ് കമൻഡാന്റ് യു.ഷറഫലി, തിരുവനന്തപുരം സിറ്റി എ.ആർ കമൻഡാന്റ് പി.ബി.സരേഷ് കുമാർ,തുടങ്ങിയവർ എന്നിവർ ഇന്നു വിരമിക്കുന്നവരിൽപ്പെടും. കെ.എസ്.ഇ.ബിയിൽ 2 ഡയറക്ടർമാർ ഉൾപ്പെടെ 718 പേർ ഇന്നു വിരമിക്കുകയാണ്. കഴിഞ്ഞ മാസം 2757 പേരും മാർച്ചിൽ 5327 പേരും വിരമിച്ചിരുന്നു.