narendra-modi

​​​​​​ന്യൂഡൽഹി: ലോക്ക്‌ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ കരുതലോടെ മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്ത് വഴി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ജനസംഖ്യ കൂടുതലായിട്ടും ഇന്ത്യയിൽ കൊവിഡിനെ പ്രതിരോധിക്കാനായി. സാമ്പത്തികരംഗത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദേഹം ആഗോളതലത്തിലേത് പോലെ രാജ്യത്ത് രോഗവ്യാപനമുണ്ടായില്ലെന്നും പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടം തുടരണമെന്ന് പറഞ്ഞ അദേഹം രാജ്യത്തിന് മുന്നിലുള്ളത് പലതരം വെല്ലുവിളികളാണെന്നും പറഞ്ഞു. സാധാരണക്കാർ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചു. പരസ്പരം സഹായിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങി. പോരാട്ടത്തിൽ അണിചേർന്ന എല്ലാവർക്കും നന്ദിയറിയിച്ച അദേഹം പുതിയ മാർഗങ്ങളിലൂടെ പ്രതിരോധം തുടരണമെന്നും പറഞ്ഞു.

ഓൺലൈൻ പഠനങ്ങൾ അടക്കമുള്ള പുതിയ മാർഗങ്ങൾ രാജ്യം തേടുകയാണ്. ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടി വരും. കൊവിഡിനെതിരായ പോരാട്ടം നീണ്ടുനിൽക്കുന്നതാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കൊവിഡ് ബാധിച്ചിട്ടുണ്ട്. രാജ്യം കുടിയേറ്റ തൊഴിലാളികൾക്കൊപ്പമുണ്ട്. റെയിൽവെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശക്തമായി പ്രവർത്തിച്ചു.പ്രതിസന്ധി സമസ്ത മേഖലകളെയും ബാധിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ പാവപ്പെട്ടവരുടെ ദുരിതം വർദ്ധിച്ചു. കൊവിഡിനെ നേരിടാൻ പുതിയ വഴികൾ തേടണം. രാജ്യം സ്വയംപര്യാപ്തത നേടുകയാണ്. ജനങ്ങൾ സ്വദേശി ഉത്പനങ്ങൾ വാങ്ങാൻ തുടങ്ങി. ആയുർവേദത്തിന് സമൂഹത്തിൽ പ്രസക്തി വർദ്ധിച്ചു. യോഗയും ആയുർവേദവും ലോകം ഏറ്റെടുത്തു. ഒട്ടേറെ ലോകനേതാക്കളുമായി താൻ സംസാരിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി കൊവിഡിനെ പ്രതിരോധിക്കാൻ യോഗയും മുഖ്യപങ്ക് വഹിച്ചതായി പറഞ്ഞു.

ആയുഷ്‌മാൻ ഭാരത് രാജ്യത്തെ വിപ്ലവകരമായ പദ്ധതിയാണ്. തൊഴിലാളികളെ ശക്തിപ്പെടുത്തേണ്ടാണ് രാജ്യത്തിന് ആവശ്യമാണ്. ശാക്തീകരണം വികസനത്തിന് അനിവാര്യമാണ്. ഒരു കോടി ജനങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. ഗ്രാമീണർക്ക് പ്രത്യേക ചികിത്സ പദ്ധതി ഏർപ്പെടുത്തിയെന്നും വെട്ടുകിളി ആക്രമണം രാജ്യത്തെ കർഷകർക്ക് ഭീഷണിയാണെന്നും അദേഹം പറഞ്ഞു.

മഴവെള്ളം സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പറഞ്ഞ അദേഹം ബംഗാൾ നേരിടുന്ന പ്രതിസന്ധിയിൽ രാജ്യം ഒപ്പമുണ്ടെന്നും പറഞ്ഞു. ചുഴലിക്കാറ്റ് തകർത്ത ബംഗാളിന് ആവശ്യമായ സഹായം നൽകുമെന്നും കൂട്ടിചേർത്തു.