ndrf

ന്യൂഡൽഹി: കേരളത്തിൽ കാലവർഷം നാളെ തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരത്ത് ന്യൂനമർദ്ദം രൂപം കൊണ്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം ന്യൂനമർദ്ദം ശക്തി പ്രാപിക്കും. ഇത്തവണ പതിവിലും കൂടുതൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തലുള്ള സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണസേനയുടെ നാല് സംഘങ്ങളെ കേരളത്തിലേക്ക് അയക്കും.

നിലവില്‍ തൃശ്ശൂരില്‍ ഉള്ള ഒരു ടീമിന് പുറമെ ആണ് നാല് ടീമുകൾ എത്തുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു ടീമില്‍ ശരാശരി 48 പേര്‍ ആണ് ഉണ്ടാകുക. വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ ആണ് ആദ്യ സംഘം എത്തുന്നത്.

കേരളത്തില്‍ ഈ വര്‍ഷം ദേശീയ ദുരന്ത പ്രതികരണ സേനയുടെ 10 സംഘങ്ങളെ മുന്‍കൂട്ടി നിയോഗിക്കണം എന്ന് കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. മൊത്തം 28 സംഘങ്ങളെ സന്നദ്ധമായി നിർത്തണം എന്നും സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു. ഇതിന്‍റെ ഭാഗമായിട്ടാണ് ആദ്യ സംഘമായി 4 ടീമുകൾ കേരളത്തില്‍ എത്തുന്നത് എന്ന് ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു.