തിരുവനന്തപുരം : പൊതുമേഖലാസ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി.എൽ) ഇലക്ട്രിക് വാഹന ബാറ്ററി നിർമ്മാണത്തിലേക്ക് കടക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററി നിർമ്മാണത്തിനുള്ള പ്രധാന അസംസ്‌കൃത വസ്തുവായ ലിഥിയം ടൈറ്റനേറ്റ് സ്ഥാപനത്തിൽ നിർമ്മിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാസ്ഥാപനം ലിഥിയം ടൈറ്റനേറ്റ് നിർമ്മിക്കുന്നത്. ടൈറ്റാനിയത്തിലെ ഗവേഷണ വിഭാഗം തനത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ലിഥിയം ടൈറ്റനേറ്റ് വികസിപ്പിച്ചെടുത്തത്. വിശാലമായ ഒരു കൺസോർഷ്യം ഉണ്ടാക്കി വാണിജ്യാടിസ്ഥാനത്തിൽ ബാറ്ററി നിർമ്മിച്ച് വിപണയിലെത്തിക്കുകയാണ് ടൈറ്റാനിയം ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ അബ്ദുൽ റഷീദ് പറഞ്ഞു. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ചെന്നൈയിലെ സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പരിശോധന നടത്തി ലിഥിയം ടൈറ്റനേറ്റിന്റെ ഗുണനിലവാരവും ഉറപ്പുവരുത്തി.
ലിഥിയം ടൈറ്റനേറ്റ്
ലിഥിയം അയൺ ബാറ്ററികളിലെ പോസിറ്റീവ് ഇലക്ട്രോഡുകളിൽ കാർബണിന് പകരം ഉപയോഗിക്കുന്നതാണ് ലിഥിയം ടൈറ്റനേറ്റ്.
കാർബൺ ബാറ്ററികളെക്കാൾ 10 മുതൽ 20 മടങ്ങു വരെ കൂടുതൽ കാലം ഈട് നിൽക്കുന്നതുമാണ് ലിഥിയം ടൈറ്റനേറ്റ് ഉപയോഗിക്കുന്ന ബാറ്ററികൾ
ചാർജ് ചെയ്യാൻ കുറച്ചു സമയം മതി. തീപിടിത്തം, പൊട്ടിത്തെറി എന്നിവ ഒഴിവാക്കാൻ സാധിക്കും.