hemachandram
എ.ഹേമചന്ദ്രൻ

തിരുവനന്തപുരം: സൗമ്യതയും കാര്യക്ഷമതയും കൊണ്ട് ഐ.പി.എസുകാരിലെ വ്യത്യസ്തനായിരുന്ന ഡി.ജി.പി എ.ഹേമചന്ദ്രൻ 34 വർഷത്തെ സേവനം കഴിഞ്ഞ് പടിയിറങ്ങി. അഗ്നി രക്ഷാവകുപ്പിന്റെ മേധാവിസ്ഥാനം

സംസ്ഥാനത്തെ ആദ്യ വനിതാ ഡി.ജി.പിയായ ആർ.ശ്രീലേഖയ്ക്ക് കൈമാറിക്കൊണ്ടായിരുന്നു വിരമിക്കൽ.

സോളാറടക്കം വിവാദകേസുകളുടെ അന്വേഷണത്തലവനായിരുന്നു. സോളാർ അന്വേഷണത്തിൽ വീഴ്ചയാരോപിച്ച് സംഘത്തിലുള്ളവർക്കെതിരെ നടപടിക്ക് സർക്കാ‌ർ ഒരുങ്ങിയപ്പോൾ പ്രതികരിച്ചത് ഇങ്ങനെ- `വീഴ്ചയുണ്ടെങ്കിൽ അത് ഞാനേറ്റെടുക്കുന്നു, നടപടി എനിക്കെതിരെയായിക്കോട്ടെ'.

ആ കേസിനെകുറിച്ച് പറയുന്നത് ഇത്രമാത്രം-`കൈകാര്യം ചെയ്ത അനവധി കേസുകളിലൊന്നുമാത്രം. പ്രൊഫഷണൽ ജോലി. അതിനുശേഷം അതേപ്പറ്റി ചിന്തിക്കേണ്ട കാര്യമില്ല'.

ശബരിമല യുവതീപ്രവേശനം കത്തിനിൽക്കേ ഹൈക്കോടതി നിരീക്ഷണസമിതി അംഗമാക്കിയതും മികവിനുള്ള അംഗീകാരമായിരുന്നു.
ലോക്ക്ഡൗണിൽ ഭക്ഷണവും ജീവൻരക്ഷാമരുന്നുകളും പതിനായിരങ്ങൾക്ക് എത്തിക്കാൻ കഴിഞ്ഞതാണ് ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹത്തിന് ഏറ്റവും സംതൃപ്തി നൽകിയ ദൗത്യം. അഗ്നിരക്ഷാ ഉദ്യോഗസ്ഥർ നിരാംലബർക്ക് സ്വന്തം പണമെടുത്ത് മരുന്നുവാങ്ങി നൽകി. കാൻസർ രോഗികളെ കീമോതെറാപ്പിക്കും വൃക്കരോഗികളെ ഡയാലിസിസിനും കൊണ്ടുപോയി. രക്തദാനത്തിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തപ്പോൾ രണ്ടായിരം സേനാംഗങ്ങൾ രക്തം നൽകി. മഹാപ്രളയത്തിൽ കഴുത്തറ്റം വെള്ളത്തിലായിരുന്ന ആയിരക്കണക്കിനാളുകളെയാണ് സൈന്യം എത്തുംമുമ്പ് അഗ്നിരക്ഷാസേന രക്ഷിച്ചത്.

കൊല്ലം പരവൂർ നെടുങ്ങോലം സ്വദേശിയായ അദ്ദേഹം ഭാര്യ മാലിനിക്കും മകൻ വാസുദേവിനുമൊപ്പം തിരുവനന്തപുരത്താണ് സ്ഥിരതാമസം.

ഏട്ട് വിളി തെറിച്ചു,

ഓഫീസർ വന്നു

കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ തസ്തികകൾ സിവിൽ പൊലീസ് ഓഫീസർ, സീനിയർ സിവിൽ പൊലീസ് ഓഫീസ‌ർ എന്നിങ്ങനെ മാറിയത് ഹേമചന്ദ്രന്റെ റിപ്പോർട്ടിനെത്തുടർന്നായിരുന്നു. കേരളാ പൊലീസ് ആക്ടുണ്ടാക്കിയ കമ്മിറ്റിയംഗമായിരുന്നു. 1992ൽ തൃശൂരിൽ ഹേമചന്ദ്രൻ തുടങ്ങിയ ജനമൈത്രി പൊലീസ് പിന്നീട് കേരള മോഡലായി രാജ്യമാകെ പടർന്നു.

ഊർജ്ജമായത് കേരളകൗമുദി

തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണറായിരുന്നപ്പോൾ എല്ലാ സ്റ്റേഷനിലും സന്ദർശകർക്ക് വിശ്രമസ്ഥലവും കുടിവെള്ളവും ഒരുക്കിയതിനെ കേരളകൗമുദി എഡിറ്റോറിയൽ എഴുതി അഭിനന്ദിച്ചു. പിന്നീടുള്ള കുതിപ്പിന് വലിയൊരു ഊർജ്ജമായി ഇത്.

കമന്റ്

ജനങ്ങളുടെ സഹകരണം കൊണ്ടുമാത്രമാണ് നന്നായി പ്രവർത്തിക്കാനായത്.ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധാരണക്കാർക്കു വേണ്ടിയാണ് പ്രവർത്തിച്ചത്.

-എ.ഹേമചന്ദ്രൻ