പാലോട്: ചോർന്നൊലിച്ച നിലയിൽ നന്ദിയോട് ചന്തയിലെ പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം. ഇരുപത് വർഷം മുമ്പാണ് ഈ കെട്ടിടം നിർമ്മിച്ചത്. കെട്ടിടം നിർമ്മിച്ച ശേഷം മാറിമാറി വന്ന ഭരണ സമിതികൾ കെട്ടിടത്തിന്റെ നവീകരണത്തിന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് ആക്ഷേപം. വാടക കൂട്ടുന്നിത് മടിയില്ലാത്ത അധികാരികൾ ബലക്ഷയമുള്ള കെട്ടിടത്തിന്റെ നവീകരണത്തിന് യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നാണ് കോംപ്ളക്സിലെ വ്യാപാരികളുടെ പരാതി. 15 കടമുറികൾ അടങ്ങുന്നതാണ് ഈ കെട്ടിടം. ചില കടമുറികളിൽ വാടകക്കാർ തന്നെ അറ്റകുറ്റപ്പണികൾ സ്വന്തം ചെലവിൽ ചെയ്യുന്നുണ്ട്. കെട്ടിടത്തിന് മുകളിൽ വെള്ളം കെട്ടിനിന്ന് മേൽക്കുരയ്ക്കും ചുമരുകൾക്കും ബലക്ഷയം ഉണ്ടായിട്ടുണ്ട്. കൂടാതെ വള്ളിച്ചെടികൾ പടർന്ന് കെട്ടിടങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇവിടെ ഇഴജന്തുക്കളുടെ ശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചന്തയിലെത്തുന്നവർക്കും വ്യാപാരികൾക്കും ഉപയോഗിക്കാനുള്ള ശൗചാലയം ഉപയോഗശൂന്യമായി പൂട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാലിന്യവും നന്ദിയോട് ചന്തയുടെ തീരാതലവേദനയാണ്. ചന്തയിൽ അടിഞ്ഞ് കൂടിയ മാലിന്യം മൂന്ന് തവണകളായി നീക്കം ചെയ്യാനുള്ള തുക അനുവദിച്ചിട്ടും നാളിതുവരെ മാലിന്യം നീക്കം ചെയ്തിട്ടില്ല. മാലിന്യം കുന്നുകൂടി ചന്തയ്ക്ക് അകത്തേക്ക് കയറാൻ കഴിയാത്ത സ്ഥിതിയാണ്. ദുർഗന്ധം വേറെയും. മീൻ വളർത്തലിനായി ചന്തയ്ക്കുള്ളിൽ നിർമ്മിച്ച കുളം മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സ്ഥലമായി മാറി. മഴ കനത്തതോടെ ഇതിനുള്ളിൽ നിന്നും മലിന ജലം പുറത്തേക്ക് ഒഴുകിത്തുടങ്ങി. ഇവിടെ കൊതുക് ശല്യവും രൂക്ഷമാണ്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന മാർക്കറ്റിലെ വ്യാപാരികളും ജീവനക്കാരും പരിസരവാസികളും നിരവധി തവണ പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. മാലിന്യസംസ്കരണം അടിയന്തരമായി ചെയ്തില്ലെങ്കിൽ ഈ പ്രദേശത്ത് പകർച്ച വ്യാധികൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.