train-

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനുകളില്‍ യാത്രക്കിടെ മരിച്ച 80 കുടിയേറ്റ തൊഴിലാളികളില്‍ പകുതിപേരുടെയും മരണകാരണം അറിയില്ലെന്ന് റെയിൽവെ പൊലീസ്. ട്രെയിനില്‍ വച്ച് മരിച്ച 80 പേരില്‍ 40 പേരുടെയും മൃതദേഹങ്ങള്‍ തുടര്‍ നടപടികള്‍ക്കായി റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ട്രെയിനില്‍ ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നും അതുകൊണ്ടാണ് മരണം സംഭവിക്കുന്നതെന്നുമുള്ള കുടിയേറ്റ തൊഴിലാളികളുടെ ആരോപണത്തെ തുടര്‍ന്നാണ് ട്രെയിനുകളിലെ മരണം സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. കണക്കുകള്‍ പ്രകാരം മരിച്ച 80 പേരില്‍ 68 പേരും 41.5 വയസ്സ് പ്രായമുള്ളവരാണ്. മരിച്ചവരുടെ കൂട്ടത്തില്‍ ഏറ്റവും പ്രായം കുറവ് നാലുവയസ് പ്രായമുളള കുട്ടിക്കാണ്. ഏറ്റവും പ്രായക്കൂടുതലുള്ള വ്യക്തി 85-കാരനാണ്.

മെഡിക്കല്‍ കാരണങ്ങളാല്‍ 12 പേരാണ് ട്രെയിനുകളില്‍ മരിച്ചത്. അതേസമയം നാലുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. 24 യാത്രക്കാരെ റെയില്‍വേ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. നിലവില്‍ പുറത്തുവന്ന വിവരങ്ങളും വെള്ളിയാഴ്ച റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ.യാദവ് നടത്തിയ പ്രസ്താവനയും തമ്മില്‍ പൊരുത്തക്കേടുകളുള്ളതായി ആരോപണമുണ്ട്.

മെയ് 9 മുതല്‍ 29 വരെയുള്ള കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് മരണസംഖ്യ പുറത്തുവിട്ടത്. ആരുടെ മരണവും നികത്താനാവാത്ത നഷ്ടമാണെന്നും യാത്രക്കിടെ ആര്‍ക്കെങ്കിലും ആരോഗ്യസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ട്രെയിന്‍ നിര്‍ത്തി അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യം റെയില്‍വെ തുടരുന്നുണ്ടെന്നും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഭക്ഷണം ലഭിക്കാത്തതിനാല്‍ ചില തൊഴിലാളികള്‍ മരിച്ചതായുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ശ്രമിക് ട്രെയിന്‍ യാത്രയ്ക്കിടെ മരിച്ചവരുടെ കണക്കുകള്‍ ലഭ്യമായ ശേഷം കൃത്യമായ വിവരം പുറത്തു വിടുമെന്നും യാദവ് വ്യക്തമാക്കിയിരുന്നു.