kejriwal-

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ കനത്ത സാമ്പത്തിക നഷ്ടത്തെ തുടർന്ന് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി 5000 കോടി രൂപ കേന്ദ്രത്തോട് ചോദിച്ചു.. 5000 കോടി ആവശ്യപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന് ഡൽഹി സർക്കാർ കത്തുനല്‍കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരടക്കമുള്ളവര്‍ക്ക് ശമ്പളം നല്‍കാന്‍ പണം വേണമെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡൽഹിയുടെ നികുതി വരുമാനത്തില്‍ 85 ശതമാനം കുറവുണ്ടായിയെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളില്‍ മൂന്നാമതാണ് ഡൽഹി. 18,549 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 416 പേര്‍ മരിക്കുകയും ചെയ്തു. 3500 കോടി രൂപ ശമ്പളം നല്‍കുന്നതിനായി മാത്രം സംസ്ഥാന സര്‍ക്കാരിന് വേണം. എന്നാല്‍ ജി.എസ്.ടി വിഹിതം കഴിഞ്ഞ രണ്ട് മാസമായി 500 കോടി വീതം മാത്രമേ ലഭിച്ചിട്ടുള്ളൂ.

മറ്റ് വരുമാനമായി സംസ്ഥാന സര്‍ക്കാരിന് 1735 കോടിയും ലഭിച്ചെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 7000 കോടി ആവശ്യമുണ്ട്. 5000 കോടി ഉടന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.