ന്യൂഡൽഹി: 56 മലയാളികളടക്കം 420 ഇന്ത്യക്കാർ ശ്രീലങ്കൻ തീരത്ത് കുടുങ്ങി കിടക്കുന്നു. കുടുങ്ങികിടക്കുന്ന മലയാളികൾ കപ്പൽ ജീവനക്കാരാണ്. കടൽമാർഗമോ, വിമാനത്തിലോ ഇവർക്ക് നാട്ടിലെത്താൻ സർക്കാർ അനുമതി കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ക്രൗൺ പ്രിൻസസ് കപ്പലിലാണ് ഇപ്പോൾ മലയാളികൾ ഉൾപ്പടെ 400 ല്‍ അധികം ഇന്ത്യക്കാരുള്ളത്. സർക്കാർ നിർദ്ദേശപ്രകാരം കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പല കപ്പലുകളിൽ നിന്നായി ഇന്ത്യക്കാർ മുഴുവൻ ഈ ഒരു കപ്പലിൽ തങ്ങുകയാണ്. ശ്രീലങ്കയിൽ നിന്ന് ചാർട്ടേഡ് വിമാനം ഏർപ്പെടുത്താൻ കമ്പനി തയ്യാറാണ്. എന്നാൽ കേന്ദ്രസർക്കാർ അനുമതി നൽകുന്നില്ലെന്ന് ഇവർ പറയുന്നു. കഴിഞ്ഞ ഒന്നര ആഴ്ചയായി കപ്പൽ ശ്രീലങ്കൻ തീരത്ത് സർക്കാർ തീരുമാനം കാത്ത് കിടക്കുകയാണ്.
സഞ്ചാരികളില്ലാതെ ഈ രീതിയിൽ കപ്പലിൽ തുടരാൻ ബുദ്ധിമുട്ടാണ്. നാട്ടിലെത്താൻ എത്രയും വേഗം നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. ക്വാറന്‍റീന്‍ ഉൾപ്പടെയുള്ള മുഴുവൻ ചിലവും വഹിക്കാൻ തയ്യാറാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നുമാണ് ഇവരുടെ ആവശ്യം.
ലോക്ക് ഡൗണില്‍ സമുദ്രങ്ങളിലെ ക്രൂയിസ് കപ്പലുകൾ നിശ്ചലമായതോടെ പ്രതിസന്ധിയിലായത് കപ്പല്‍ ജീവനക്കാരാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഒരു രാജ്യവും തീരത്ത് നങ്കൂരമിടാൻ അനുമതി പോലും നൽകിയില്ല. ഫിലിപ്പൈൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ പൗരന്മാരെ നാട്ടിലേക്ക് മടക്കി കൊണ്ട് പോയി. എന്നാൽ ഇന്ത്യയിൽ നിന്ന് നടപടി ഇല്ലാത്തതിനാൽ ആശങ്കയിലാണ് ഇവർ.