വിതുര: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വിതുര,​ തൊളിക്കോട് പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. 50 ലക്ഷത്തിൽ പരം രൂപയുടെ നാശനഷ്ടം ഉണ്ടായതാണ് കണക്ക്. വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങളും മറ്റും നശിച്ചു. രണ്ട് പഞ്ചായത്തുകളിലുമായി 11 വീടുകൾ പൂർണമായി തകരുകയും നിരവധി വീടുകൾ ഭാഗീകമായി തകരുകയും ചെയ്തു. വിതുര ശിവൻകോവിൽ ജംഗ്‌ഷൻ, മുളക്കോട്ടുകര, തള്ളച്ചിറ, ചായം, അരുവിക്കരമൂല, മലയടി, വിനോബ നികേതൻ, പൊൻപാറ, ചെരുപ്പാണി, തൊളിക്കോട് ആടാംമൂഴി മേഖലകളിലാണ് മഴ കൂടുതൽ നാശം വിതച്ചത്. മണ്ണിടിച്ചിലിലും വ്യാപകമായ നാശം ഉണ്ടായി. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന മലയടിയിൽ നിന്നും അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പൊൻപാറ-ചെരുപ്പാണി റോഡിൽ റബർ മരങ്ങൾ കടപുഴകി റോഡിൽ വീണ് മണിക്കൂ റുകളോളം ഗതാഗതം തടസപ്പെട്ടു. വിതുരയിൽ നിന്നും ഫയർ ഫോഴ്‌സെത്തി മരങ്ങൾ മുറിച്ചു മാറ്റിയും മണ്ണ് നീക്കം ചെയ്തുമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നൂറോളം റബർ മരങ്ങൾ കടപുഴകിയതും റബർ കർഷകരെ ദുരിതത്തിലാക്കി. മരങ്ങൾ വീണ് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈനും തകർന്നു. വ്യാപക കൃഷി നാശവും ഉണ്ടായി. പൊന്മുടി, ബോണക്കാട് വനമേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയരുകയും വ്യാപകമായി കരയിടിയുകയും ചെയ്തു. വിതുര വില്ലേജ് ഫാമിൽ വെള്ളം കയറിയതിനെ തുടർന്ന് പത്തു ലക്ഷത്തില്പരം രൂപയുടെ നഷ്ടം ഉണ്ടായി. ഈ പ്രദേശങ്ങളിലെ ഫാമുകളിൽ വെള്ളം കയറി മത്സ്യങ്ങളും കോഴികളും ചത്തു. നാശനഷ്ടങ്ങൾ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസിലും, പഞ്ചായത്തിലും പരാതി നൽകിയിട്ടുണ്ട്. നെടുമങ്ങാട് തഹസിൽദാർ അനിൽകുമാറും, വില്ലേജ് ഓഫിസർമാരും നാശനഷ്ടം സംഭിച്ച സ്ഥലങ്ങൾ സന്ദർശിച്ച് കണക്കുകൾ ശേഖരിച്ചിട്ടുണ്ട്. കെ.എസ്. ശബരീനാഥൻ എം.എൽ.എയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ. മധുവും ദുരിതബാധിതമേഖലകളിൽ സന്ദർശനം നടത്തി.