ബാലരാമപുരം: മംഗലത്തുകോണത്ത് മദ്യലഹരിയിൽ ആട്ടോഡ്രൈവറായ യുവാവിനെ സുഹൃത്ത് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്നു. കരമന നെടിയിൽ മുടുമ്പിൽ വീട്ടിൽ പരേതനായ ശശി- ജലജ ദമ്പതികളുടെ മകൻ ഉണ്ണി എന്ന് വിളിക്കുന്ന ശ്യാമാണ് (33) മരിച്ചത്. തലയ്ക്കടിച്ച ശേഷം ഒളിവിൽപോയ മുക്കോല സ്വദേശി സതികുമാറിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലത്തുകോണം കട്ടച്ചൽക്കുഴിയിലെ ഒരു ലോഡ്ജിൽ കഴിഞ്ഞ ദിവസം രാത്രി 9 ഓടെയാണ് സംഭവം. ശ്യാമും സതികുമാറും എട്ട് അന്യസംസ്ഥാനത്തൊഴിലാളികളുമാണ് ഇരുനിലക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ താമസിക്കുന്നത്. പൊലീസ് പറയുന്നത്: പുറത്ത് നിന്നും മദ്യപിച്ചതിന് ശേഷമാണ് ഇരുവരും രാത്രിയോടെ മുറിയിലേക്ക് വന്നത്. തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടായതായും നിലവിളി കേട്ടതായും അന്യസംസ്ഥാനത്തൊഴിലാളികൾ പറയുന്നു. അല്പസമയം കഴിഞ്ഞപ്പോൾ സതികുമാർ പുറത്തേക്ക് പോയി. സംശയം തോന്നിയ തൊഴിലാളികൾ മുറിയിൽ ചെന്ന് നോക്കുമ്പോൾ ശ്യാം തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിൽ രക്തം വാർന്ന് കിടക്കുന്നതാണ് കണ്ടത്. സമീപത്ത് രക്തം പുരണ്ട കമ്പിപ്പാരയും കിടപ്പുണ്ടായിരുന്നു. ഉടൻ പൊലീസ് എത്തി ശ്യാമിനെ മെഡിക്കൽ കൊളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു. ലോഡ്ജിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിർമ്മാണ തൊഴിലാളിയാണ് പ്രതി സതികുമാർ.
മരിച്ച ശ്യാം അവിവാഹിതനാണ്. അരുൺ, ഗോപിക എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം കൊവിഡ് പരിശോധന നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ കരമനയിലെ വസതിയിലെത്തിക്കും.