weather

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 മണിയോടെ കാലവർഷം ആരംഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം അറബിക്കടലിലുണ്ടായ ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലം രാവിലെയും ചില മേഖലകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തീരത്ത് 65കിലോമീറ്റർ വരെ വേഗതയുള്ള കാറ്റടിക്കാനും ചിലയിടങ്ങളിൽ കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ അറബിക്കടലിൽ മീൻപിടിക്കാൻ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം,​ കാലവർഷത്തിന്റെ കാര്യത്തിൽ സ്വകാര്യ ഏജൻസികൾക്കും സർക്കാരിനും രണ്ടഭിപ്രായമാണ്. സ്കൈമാറ്റ് പറയുന്നത് ഇന്നലെ കാലവർഷം കേരളത്തിൽ പെയ്ത് തുടങ്ങിയെന്നാണ്. നാളെയാണ് തുടങ്ങുകയെന്നാണ് തിരുവനന്തപുരത്തെ കാലാവസ്ഥാകേന്ദ്രം പറയുന്നത്. കേന്ദ്രകാലാവസ്ഥാ മന്ത്രാലയം അറിയിച്ചത് ഇന്ന് ഉച്ചയ്ക്ക് 2.30തുടങ്ങുമെന്നാണ്.

അതിനിടെ അറബിക്കടലിലുണ്ടായ ഇരട്ട ന്യൂനമർദ്ദങ്ങളിലൊന്ന് ഒമാൻ തീരത്തേക്ക് നീങ്ങി ഇന്നലെ ദുർബലമായി. രണ്ടാമത്തെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നു എന്നാണ് ഒടുവിലത്തെ റിപ്പോർട്ട്. അത് ഇന്ന് 100 കിലോമീറ്ററോളം വേഗത കൈവരിച്ച് മഹാരാഷ്ട്ര ,ഗുജറാത്ത് തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കൊങ്കൺ തീരത്തും മദ്ധ്യമഹാരാഷ്ട്ര പ്രദേശത്തുമായി 3ന് ആഞ്ഞടിക്കും. രൂപം മാറി ചുഴലിക്കാറ്റായാൽ നിസർഗ എന്ന് പേരിടും. ഇതിന്റെ ഫലമായി കേരളത്തിൽ ഇന്ന് മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കും. ചിലയിടങ്ങളിൽ കടലാക്രമണവും ഉണ്ടായേക്കാം.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,തൃശ്ശൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.