നെടുമങ്ങാട്: കർഷരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ തുടങ്ങിയ നെടുമങ്ങാട് കാർഷിക മൊത്തവ്യാപാര മാർക്കറ്റ് കർഷകരെ വലയ്‌ക്കുന്നതായി പരാതി. ശേഖരിക്കുന്ന ഉത്പന്നങ്ങൾക്ക് കർഷകരുടെ അക്കൗണ്ടിൽ പണമെത്തിക്കുന്നതിൽ അധികൃതർ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് കർഷക സംഘം നെടുമങ്ങാട് ഏരിയാ കമ്മിറ്റി ആരോപിച്ചു. ഒരു കോടിയോളം രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. മുഴുവൻ തുകയും ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് കാർഷിക വിപണിക്ക് മുമ്പിൽ കർഷകർ പ്രതിഷേധിക്കും. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ. ജയദേവൻ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി ആർ. മധു, പ്രസിഡന്റ് പി.ജി. പ്രേമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകും.