തിരുവനന്തപുരം: കൊവിഡ് സാമൂഹ്യ വ്യാപനം കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) മൂന്നു ജില്ലകളിലായി നടത്തിയ സിറോളജിക്കൽ സർവേ ഫലം ഈയാഴ്ച ലഭിക്കും. പാലക്കാട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച 1200 പേരുടെ രക്തസാമ്പിൾ ചെന്നൈയിലേക്ക് അയച്ചു. ഇതിൽ പോസിറ്റീവ് കേസുകളില്ലെന്നാണ് പ്രാഥിക വിവരം.
വിശദമായ റിപ്പോർട്ട് ലഭിച്ചശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂ.
ഈ മാസം 18 മുതലാണ് സാമ്പിൾ ശേഖരണം തുടങ്ങിയത്. കഴിഞ്ഞയാഴ്ച നടപടികൾ പൂർത്തിയാക്കി സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഈ ഘട്ടത്തിൽ സമൂഹവ്യാപനത്തിൻെറ സൂചനയില്ലെങ്കിലും വരും ദിവസങ്ങളിൽ ഐ.സി.എം.ആർ കൂടുതൽ ജില്ലകൾ കേന്ദ്രീകരിച്ച് സിറോളജിക്കൽ സർവേ നടത്തിയേക്കും.
മൂന്ന് ജില്ലകളെയും പത്ത് ക്ലസ്റ്ററുകളായി തിരിച്ചാണ് പരിശോധന നടത്തിയത്. 18 വയസ് പൂർത്തിയായ, കൊവിഡ് ലക്ഷണമോ, രോഗികളുമായി സമ്പർക്കമോ ഇല്ലാത്തവരെ റാൻഡം രീതിയിൽ തെരെഞ്ഞെടുത്താണ് പരിശോധിച്ചത്.
ഇതിന് പുറമെ ആരോഗ്യ പ്രവർത്തകർ, ആശുപത്രികളിൽ ഔട്ട് പേഷ്യൻറ് വിഭാഗത്തിൽ ചികിത്സ തേടിയവർ, ഗർഭിണികൾ എന്നിവരിലും പരിശോധന നടത്തി.